മദ്യനിരോധനം നടപ്പിലാക്കാന്‍ കഴിയില്ല, ലക്ഷ്യം മദ്യവര്‍ജ്ജനം; 2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭായോഗം അംഗീകരിച്ചു
ഐ.ടി പാര്‍ക്കുകളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും
തിരുവനന്തപുരം: 2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്യനിരോധനം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവര്‍ജ്ജനം എന്ന ലക്ഷ്യത്തിലൂന്നിയിട്ടുള്ളത്. മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രചരണം നടത്തി ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ''കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തി''ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളജ് തലങ്ങളില്‍ 'ലഹരിവിരുദ്ധ ക്ലബ്ബുകള്‍' രൂപീകരിച്ചിട്ടുള്ളതാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആദിവാസിതീരദേശ മേഖലകളിലെ ലഹരിവര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി വരുന്നുണ്ട്. മിഷന്റെ ഭാഗമായി 65523 പേര്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. 8107 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി വ്യക്തികളെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് സാധിച്ചു.
സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് മുന്‍തൂക്കം നല്‍കി വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്‍ വഴി നടപ്പിലാക്കും. സ്‌കൂള്‍/കോളജ് തലത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ, വിദ്യാര്‍ത്ഥികളുടെ പാഠ്യേതര സമയത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് തല ജാഗ്രതാ കമ്മിറ്റികള്‍ ശക്തിപ്പെടുത്തി ജനപങ്കാളിത്തതോടെ താഴെ തട്ട് വരെ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിമുക്തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ ജില്ലകളില്‍ ഒരിടത്ത് മാത്രമായതിനാല്‍ എല്ലാ ജില്ലകളിലും പുതിയ ഡീഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതാണ്.
ലഹരിക്കടിമപ്പെട്ടവരെ ലഹരി മോചന ചികില്‍സാ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിമുക്തി ത്വരിത സേവന വിഭാഗം ആരംഭിക്കും. പ്രാഫഷണല്‍ കോളജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് കാംപസുകളില്‍ ആരംഭിച്ച ''നേര്‍ക്കൂട്ടം'', ഹോസ്റ്റലുകളില്‍ ആരംഭിച്ച ''ശ്രദ്ധ'' എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രഫഷണല്‍ കോളജുകളിലേക്കും വ്യാപിപ്പിക്കും.
വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാകുന്ന കമ്പനികളില്‍ നിന്ന് ആയത് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവര്‍ത്തനം കുടുതല്‍ വിപുലമാക്കും.
കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്. സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമം നിയമസഭ അംഗീകരിച്ചിട്ടുണ്ട്. ബോര്‍ഡ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകാത്തതിനാല്‍ 2022-23 വര്‍ഷത്തില്‍ കൂടി നിലവിലെ ലൈസന്‍സികള്‍ക്ക് ഷോപ്പുകള്‍ നടത്തുന്നതിന് അനുമതി നല്‍കും. കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് അടുത്ത വര്‍ഷം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പാലക്കാട് നിന്നാണ് മറ്റ് ജില്ലകളിലേക്ക് കള്ള് ചെത്തി കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ കള്ളിന്റെ ഉത്പാദനം, അന്തര്‍ജില്ല/അന്തര്‍ റെയിഞ്ച് നീക്കം എന്നിവ നിരീക്ഷിക്കുന്നതിന് Track and Trace സംവിധാനം ഏര്‍പ്പെടുത്തും. ഇത് കള്ള് ചെത്ത് വ്യവസായ രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പാക്കും.
3 സ്റ്റാര്‍ മുതല്‍ ക്ലാസിഫിക്കേഷന്‍ ഉള്ള ഹോട്ടലുകള്‍ക്ക് മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചു വരുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്നതാണ്.
കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമോ, ബിയറോ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. അതിനുള്ള പരിഹാരം കേരളത്തില്‍ നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക എന്നിവയാണ്. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് നിലവില്‍ ജവാന്‍ റം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് സംസ്ഥാനത്തെ മുഴുവന്‍ ആവശ്യത്തിനും മതിയാകുന്നില്ല. റ്റിഎസ് സിയില്‍ പുതിയ മദ്യ നിര്‍മാണ ലൈനുകള്‍. മലബാര്‍ ഡിസ്റ്റിലറിയില്‍ മദ്യ ഉത്പാദനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും.
മദ്യ ഉത്പ്പാദനവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങള്‍ കെ.എസ്.ബി.സി ആരംഭിക്കും. ഇത് കെ.എസ്.ബി.സിയുടെ വരുമാനം വര്‍ദ്ധിപ്പിന്നതിനും പൊതുമേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സഹായകരമാകും.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ പല കാര്‍ഷിക വിഭവങ്ങളും ഉപയോഗശൂന്യമായി പോകുന്നുണ്ട് ഇത്തരം കാര്‍ഷിക വിഭവങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ആക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.
കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കും.
ഉത്തരവാദിത്ത്വത്തോടെയുള്ള വിനോദ സഞ്ചാര വികസനം ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം പോലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. MICE Tourism (Meeting, Incentives, Conferences, Conventions, Exhibitions and Events) പോലുള്ള മേഖലകളില്‍ മദ്യത്തിന്റെ ലഭ്യത ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. വിനോദ സഞ്ചാരികള്‍ മദ്യപിക്കുന്നതിന് വേണ്ടിയല്ല സംസ്ഥാനം സന്ദര്‍ശിക്കുന്നത്. എന്നാല്‍ മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക് ഗുണം ചെയ്യുകയുമില്ല.
ഐ.റ്റി പാര്‍ക്കുകളില്‍ അവരുടെ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വേളകളില്‍ വിനോദത്തിന് അവസരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ഐ.ടി പാര്‍ക്കുകളിലെ ഇതിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണ്.
എഫ്.എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും. കൂടുതല്‍ എഫ്.എല്‍1 ഷോപ്പുകള്‍walk in faciltiy സംവിധാനത്തോടെ നവീകരിക്കും. എഫ്.എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും. എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കും.
പൊതുജനങ്ങള്‍ക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവ സംബന്ധിച്ച് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിന് ' People's eye' എന്ന പേരില്‍ ഒരു വെബ്ബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് വികസിപ്പിക്കും. ഇത് വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാന്‍ കഴിയും.
എക്‌സൈസ് വകുപ്പില്‍ കുടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
ആദിവാസി ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ആ മേഖലയെ കുറിച്ചുള്ള അവരുടെ അറിവും ഉപയോഗപ്പെടുത്തുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 100 യുവജനങ്ങളെ അധിക തസ്തിക സൃഷ്ടിച്ച് എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായി നിയമിക്കും.
പ്രവര്‍ത്തന സൗകര്യം ഉറപ്പുവരുത്തുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ എട്ട് താലൂക്കുകളില്‍ സര്‍ക്കിള്‍ ആഫീസ് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കും.
വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് കുടുതല്‍ വാഹനങ്ങളും 100 പിസ്റ്റലുകളും വാങ്ങും. സൈബര്‍സെല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കും.
ഗ്ലാസ്സ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ്സ് ബോട്ടിലുകളിലും ക്യനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നില്ല.
മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്നത് കൊണ്ട് പ്രകൃതിക്ക് വലിയ ദോഷം സംഭവിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായി ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 202324 വര്‍ഷം മുതല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിലും മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല.
കേരളത്തിലെ ഡിസ്റ്റിലറികളിലും വിദേശമദ്യ (compounding Blending & Bottling) യൂണിറ്റുകളിലും മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം സ്ഥാപനങ്ങള്‍ Tie-up വഴി മദ്യം ഉത്പാദിപ്പിക്കുന്നതിന് നിലവിലുള്ള ഫീസ് നിരക്ക് 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി വര്‍ദ്ധിപ്പിക്കും.
സി.എസ്.ഡി വഴിയും, സി.പി.സി വഴിയും വില്പന നടത്തുന്ന വിദേശ മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി നിലവിലെ 21 രൂപയില്‍ നിന്ന് പ്രൂഫ് ലിറ്ററിന് 25 രൂപയായി വര്‍ദ്ധിപ്പിക്കും.
വിദേശമദ്യം ചട്ടം 34 അനുസരിച്ച് ഈടാക്കുന്ന ഫൈന്‍ നിലവിലെ 15,000/ രൂപ, 50,000/ രൂപ എന്നത് യഥാക്രമം 30,000/ രൂപ, 1 ലക്ഷം രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.
ബാര്‍ ലൈസന്‍സില്‍ സര്‍വ്വീസ് ഡസ്‌ക് സ്ഥാപിക്കുന്നതിന് നിലവിലെ ഫീസ് 25,000/ രൂപ എന്നത് യഥാക്രമം 50,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.
അഡീഷണല്‍ ബാര്‍ കൗണ്ടര്‍ നിലവിലെ ഫീസ് 30,000/ രൂപ എന്നത് യഥാക്രമം 50,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.
കേരളത്തിലെ ഡിസ്റ്റിലറികള്‍ അവരുടെ ബ്രാന്റ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് (ീവേലൃ വേമി ഴഹമ ൈയീേേഹല)െ 75,000/ രൂപ എന്നത് യഥാക്രമം 1,00,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.
കേരളത്തിലെ ഡിസ്റ്റിലറികളില്‍ സംസ്ഥാനത്തിന് പുറത്തുള്ള ഡിസ്റ്റിലറികള്‍ വിദേശമദ്യം ഉത്പാദിപ്പിക്കുമ്പോള്‍ അവയുടെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് (other than glass bottles) 3,00,000/ രൂപ എന്നത് യഥാക്രമം 4,00,000/ രൂപ എന്നാക്കി ഉയര്‍ത്തുന്നതാണ്.
കൊവിഡ് മഹാമാരിയുമായി ബന്ധപെട്ടു വിവിധ കാലയളവുകളില്‍ ബാര്‍ ലൈസന്‍സ് (FL3) ബിയര്‍/വൈന്‍ പാര്‍ലര്‍ ലൈസന്‍സ് (എഘ11) ക്ലബ് ലൈസന്‍സ് (എഘ4അ) എന്നിവ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്ന കാലഘട്ടത്തിലെ ആനുപാതിക ലൈസന്‍സ് ഫീസ് അടുത്ത വര്‍ഷത്തെ ലൈസന്‍സ് ഫീസില്‍ കുറവ് ചെയ്തു കൊടുക്കും.
അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പൂര്‍ണ്ണമായി പലിശ ഇളവ് നല്‍കികൊണ്ടും മുതല്‍ തുകയില്‍ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കി കൊണ്ടും ആംനസ്റ്റി സ്‌കീം (ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി) നടപ്പിലാക്കും.