'മദ്യനയക്കേസില്‍ പ്രധാനമന്ത്രിയുടെ ക്ലീന്‍ചിറ്റ്!'; പരിഹാസവുമായി മനീഷ് സിസോദിയ
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ റെയ്ഡില്‍ തന്റെ കുടുംബത്തിന് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തന്റെ വീട്ടിലും ബാങ്ക് ലോക്കറിലും ഒന്നും കണ്ടെത്തിയില്ലെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗാസിയാബാദ് ബാങ്കിലെ മനീഷ് സിസോദിയയുടെ ലോക്കര്‍ ഇന്ന് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്കറില്‍ എന്റെ മക്കളുടെയും ഭാര്യയുടെയും 70,000 രൂപ വിലമതിക്കുന്ന ആഭരണങ്ങളുണ്ട്. പ്രധാനമന്ത്രി എന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതില്‍ സന്തോഷമുണ്ട്, ലോക്കര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രധാനമന്ത്രി ഉത്തരവിട്ട റെയ്ഡുകളില്‍ എനിക്കും കുടുംബത്തിനും ക്ലീന്‍ ചിറ്റ് ലഭിച്ചു- അദ്ദേഹം പരിഹസിച്ചു.
റെയ്ഡില്‍ സിബിഐ ഉദ്യോഗസ്ഥര്‍ മാന്യമായാണ് പെരുമാറിയതെന്ന് സിസോദിയ ആവര്‍ത്തിച്ചു.
'ഒന്നും കണ്ടെത്തില്ലെന്ന് അവര്‍ക്കറിയാം. എന്നാലും എന്നെ കുറച്ച് മാസത്തേക്ക് ജയിലിലടയ്ക്കാന്‍ എന്തെങ്കിലും കണ്ടെത്താന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു'- അദ്ദേഹം ആരോപിച്ചു.
മനീഷ് സിസോദിയയുടെ വസതിയിലും ബാങ്ക് ലോക്കറിലും അന്വേഷണം നടത്തിയ നടപടി രാഷ്ട്രീയപ്രചോദിതമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.
'അവര്‍ (കേന്ദ്രം) ഈ വൃത്തികെട്ട രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഞങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,' മറ്റൊരു ട്വീറ്റില്‍ കെജ്‌രിവാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
രണ്ടാഴ്ച മുമ്പ് മനീഷ് സിസോദിയയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല.
'നാളെ, സിബിഐ ഞങ്ങളുടെ ബാങ്ക് ലോക്കര്‍ റെയ്ഡ് ചെയ്യും, ആഗസ്റ്റ് 19 ന് എന്റെ വീട്ടില്‍ 14 മണിക്കൂര്‍ നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല. ലോക്കറിലും ഒന്നും കണ്ടെത്താനായില്ല. സിബിഐയ്ക്ക് സ്വാഗതം. ഞാനും കുടുംബവും അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കും. 'അദ്ദേഹം ഇന്നലെ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് വകുപ്പ് മന്ത്രിയാണ് മനീഷ് സിസോദിയ. സര്‍ക്കാരിന്റെ മദ്യനയത്തില്‍ അഴിമതി ആരോപിച്ചാണ് മനീഷ് സിസോദിയ അടക്കം 15 പേര്‍ക്കെതിരേ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അനുമതിയില്ലാതെയാണ് പുതിയ നയം കൊണ്ടുവന്നതെന്നാണ് സിബിഐയുടെ വാദം. കൈക്കൂലിക്ക് പകരമായി അനര്‍ഹരായ പല കച്ചവടക്കാര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതായും പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊണ്ടുവന്ന നയം എട്ട് മാസത്തിന് ശേഷം അഴിമതി ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചു.
തങ്ങളുടെ നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും എഎപി തള്ളി. പൂര്‍ണ സുതാര്യതയോടെയാണ് നയം നടപ്പാക്കിയതെന്ന് കെജ് രിവാള്‍ പറഞ്ഞു.