സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം: മുഖ്യമന്ത്രിയുടേത് മര്യാദകേടെന്നും നാടകമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ്ദാന ചടങ്ങ് അവാര്‍ഡ് ജേതാക്കളെ അപമാനിക്കുന്ന വേദിയാക്കി മാറ്റിയ പിണറായി വിജയന്റെ സര്‍ക്കാര്‍ സാംസ്‌കാരിക കേരളത്തെയാകെ വിലകുറച്ചുകാണുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര അക്കാദമി അവാര്‍ഡ് സംഘടിപ്പിക്കാന്‍ സാഹചര്യം ഉണ്ടാകുകയും അതു സംഘടിപ്പിക്കുകയും, അതിനുശേഷം പുരസ്‌കാര ജേതാക്കളെ അപമാനിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് മര്യാദകേടാണെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് പ്രോട്ടോകോള്‍ ആണ് വിഷയം എങ്കില്‍ അവാര്‍ഡുകള്‍ തപാലില്‍ അയച്ചു കൊടുക്കാന്‍ സാഹചര്യം ഉണ്ടായിരുന്നല്ലോ? അവാര്‍ഡ് ജേതാക്കള്‍ വന്ന് മേശപ്പുറത്തെ അവാര്‍ഡ് എടുത്തുകൊണ്ടുപോകുന്ന ഈ ബഫെ അവാര്‍ഡ് രീതി ഈ മാസം നടന്ന ടെലിവിഷന്‍ അവാര്‍ഡ്ദാനച്ചടങ്ങില്‍ ഇല്ലായിരുന്നു. സര്‍ക്കാറിന്റെ തന്നെ അനവധി പരിപാടികള്‍ പരിശോധിച്ചു നോക്കിയാല്‍ ഇപ്പോള്‍ കാണിച്ചത് വെറും ഷോ മാത്രമാണെന്ന് മനസിലാകും. ഒരു ഗ്ലൗസും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നത്തിന് കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം പൊലിസിനെ കൊവിഡ് പ്രതിരോധം ഏല്‍പ്പിക്കുക, പ്രവാസികളെയും മറുനാടന്‍ മലയാളികളെയും അതിര്‍ത്തിയില്‍ തടയുക, പി ആര്‍ തള്ളുകള്‍ നടത്തുക തുടങ്ങി പിണറായി വിജയന്‍ സര്‍ക്കാരിന്റെ വേഷം കെട്ടലുകളില്‍ അവസാനത്തേതാണ് ഇതെന്നും രമേശ് ചെന്നിത്തല പരഹസിച്ചു.
സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ സമ്മാനാര്‍ഹര്‍ക്ക് പുരസ്‌കാരം കയ്യില്‍ കൊടുക്കാതെ മേശപ്പുറത്തുവച്ച് കൊടുത്ത രീതി വിവാദമായിരുന്നു.