തിരുവനന്തപുരം: 2021ലെ 52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാര ദാനം നിര്‍വഹിക്കുക. തുടര്‍ന്ന് പ്രശസ്ത സംഗീത സംവിധായകന്‍ ബിജിപാല്‍ നയിക്കുന്ന സംഗീത സന്ധ്യയും അരങ്ങേറും. മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (മധുരം, ഫ്രീഡം ഫൈറ്റ്), മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ രേവതി (ഭൂതകാലം), മികച്ച സംവിധായകന്‍ ദിലീഷ് പോത്തന്‍ (ജോജി, ആവാസ വ്യൂഹം) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മികച്ച തിരക്കഥക്കുള്ള പുരസ്‌കാരത്തിന് കൃഷാന്ദിനും ഛായാഗ്രാഹകനുള്ള പുരസ്‌കാരത്തിന് മധു നീലകണ്ഠനും അര്‍ഹരായി. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും.
മല്‍സരവിഭാഗത്തിലെ 142 ചിത്രങ്ങളില്‍ നിന്നുമാണ് സംവിധായകന്‍ സയീദ് അഖ്തര്‍ മിര്‍സ അധ്യക്ഷനായ സമിതി 39 വിഭാഗങ്ങളിലിലെ വിജയികളെ കണ്ടെത്തിയത്. സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ നടക്കുന്ന താരസന്ധ്യയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധിപേര്‍ പങ്കെടുക്കും. മെയ് 27ന് പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമര്‍പ്പണം സംസ്ഥാനത്തെ കനത്ത മഴമൂലം ഒരുവട്ടം മാറ്റിവച്ചിരുന്നു.