സൗദിയില്‍ അസ്ട്രാസെനിക്ക വാക്‌സിന്‍ ഉപയോഗിച്ച 15 പേര്‍ക്ക് സ്‌ട്രോക്ക്; ഭയപ്പെടാനില്ലെന്ന് അധികൃതര്‍

വാക്‌സിന്‍ നല്‍കുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ അപകട സാധ്യതകളെക്കാള്‍ കൂടുതലാണ്

Update: 2021-04-19 16:35 GMT
റിയാദ് : കൊവിഡ് പ്രതിരോധ വാക്‌സിനായ അസ്ട്രാസെനിക്ക ഉപയോഗിച്ചതു മൂലം സൗദിയില്‍ ഇതുവരെ 15 പേരുടെ രക്തം കട്ടപിടിച്ചതായി (സ്‌ട്രോക്ക്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഇത് രണ്ടു ലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് സംഭവിച്ചത്. ഇക്കാര്യത്തില്‍ ആഗോള ശരാശരി ഒന്നേകാല്‍ ലക്ഷം പേര്‍ മുതല്‍ പത്തു ലക്ഷം വരെ പേരില്‍ ഒരാള്‍ എന്ന തോതിലാണ്. ഇതില്‍ ഭയപ്പെടാനില്ലെന്നും എന്നാല്‍ വാക്‌സിന്‍ നല്‍കുന്ന ഘട്ടത്തില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പുകളോട് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു.


വാക്‌സിന്‍ നല്‍കുന്നതിലൂടെ പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ അപകട സാധ്യതകളെക്കാള്‍ കൂടുതലാണ്. വാക്‌സിന്‍ ഉപയോഗിക്കുന്നതു മൂലം രക്തം കട്ടപിടിക്കാനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയാനും സാധ്യതകളുണ്ട്. വാക്‌സിനേഷന്‍ മൂലം പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതികരണം രക്തത്തിലെ പ്ലേറ്റുകള്‍ വന്‍തോതില്‍ സജീവമാകാന്‍ ഇടയാക്കുമെന്നത് സാധ്യതകളില്‍ ഒന്നാണ്. ഇത് പ്ലേറ്റുകളുടെ എണ്ണം കുറയുന്നതിലേക്കും രക്തം കട്ടപിടിക്കുന്നതിലേക്കും നയിക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.


അസ്ട്രാസെനിക്ക വാക്‌സിന്‍ ഉപയോഗം ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഇക്കൂട്ടത്തില്‍ പെട്ട ഭൂരിഭാഗം രാജ്യങ്ങളും വാക്‌സിന്‍ ഉപയോഗം പുനരാരംഭിച്ചു. എന്നാല്‍ കൂടുതല്‍ പ്രായമുള്ളവരില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. രക്തം കട്ടപിടിക്കാന്‍ കാരണമായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് അമേരിക്കയും കാനഡയും യൂറോപ്യന്‍ യൂനിയനും ദക്ഷിണാഫ്രിക്കയും നിര്‍ത്തിവെച്ചിട്ടുണ്ട്.




Tags:    

Similar News