കര്‍ണാടക വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിച്ചത് ഹിജാബ് അഴിച്ചുനീക്കി
ബെംഗളൂരു; ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു ശേഷം കര്‍ണാടകയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥിനികളെ പ്രവേശിപ്പിച്ചത് ഹിജാബ് അഴിച്ചുനീക്കി. പുതിയൊരു ഉത്തരവുണ്ടാകും വരെ മതപരമായ വസ്ത്രങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹിജാബ് സ്‌കൂള്‍ ഗേറ്റില്‍ വച്ച് അഴിപ്പിച്ചാണ് വിദ്യാര്‍ത്ഥിനികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്.
കുട്ടികളെ ഗേറ്റില്‍ തടയുന്ന അധ്യാപകരുടെ വീഡിയോകള്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ഒരു വീഡിയോവില്‍ 'അഴിച്ചുമാറ്റൂ' എന്ന് ഉറക്കെ പറയുന്ന അധ്യാപകരെ കാണാം.
ഗേറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ഹിജാബ് അഴിപ്പിച്ചതിനെച്ചൊല്ലി അധ്യാപകരും രക്ഷിതാക്കളും തമ്മില്‍ തര്‍ക്കവും ഉണ്ടാകുന്നുണ്ട്. പുറത്തുവന്ന ഒരു വീഡിയോവില്‍ രക്ഷിതാക്കളും അധ്യാപകരും തര്‍ക്കത്തിലേര്‍പ്പെടുന്നതും ഒടുവില്‍ ഹിജാബ് അഴിച്ചുനീക്കുന്നതും ദൃശ്യമാണ്.
ഒരാള്‍ തന്റെ രണ്ട് മക്കളുമായാണ് എത്തിയത്. വലിയ തര്‍ക്കത്തിനുശേഷം കുട്ടികളെ ഹിജാബ് അഴിച്ചുവച്ച് പ്രവേശിപ്പിച്ചു.
സ്‌കൂളില്‍ പ്രവേശിച്ചശേഷം ക്ലാസിലെത്തി ഹിജാബ് അഴിക്കാമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അതിനും അനുമതി നല്‍കിയില്ലെന്ന് പിതാവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ഉഡുപ്പിയില്‍ ഹിജാബ് നിരോധനത്തിനെതിരേ പ്രതിഷേധിച്ച പെണ്‍കുട്ടിയെയും ഹിജാബ് അഴിപ്പിച്ചശേഷമാണ് പ്രവേശിപ്പിച്ചത്. ഷിമോഗയില്‍ ഹിജാബ് അഴിക്കാന്‍ വിസ്സമ്മതിച്ച 13 കുട്ടികള്‍ വീട്ടിലേക്ക് തിരികെപ്പോയി. അതില്‍ 10 പേര്‍ പത്താംക്ലാസുകാരും 2 പേര്‍ ഒമ്പതാം ക്ലാസുകാരും ഒരാള്‍ 8ാം ക്ലാസുകാരനുമാണ്.
കുട്ടികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ തിരിച്ചുപോയെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ കുട്ടികളെ പരീക്ഷ എഴുതാനാണ് കൊണ്ടുവന്നത്... അവര്‍ ബുര്‍ഖയല്ല ധരിച്ചിരുന്നത്, ഹിജാബാണ്. നേരത്തെ എല്ലാ (വിദ്യാര്‍ത്ഥികളും) ഹിജാബ് ധരിച്ചിരുന്നു... ഒരു പ്രശ്‌നവുമില്ല, ഇന്ന് അധ്യാപകര്‍ അവരെ തടഞ്ഞു.. ഹിജാബ് അഴിക്കാതെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങള്‍ അവരെ തിരികെ കൊണ്ടുപോകുന്നത്''- കുട്ടികളുമായി തിരിച്ചുപോയ രക്ഷിതാക്കളിലൊരാള്‍ പറഞ്ഞു.
സ്‌കൂള്‍ ഗേറ്റില്‍ ഹിജാബ് അഴിപ്പിക്കുന്ന നിരവധി വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികള്‍ ഗേറ്റിനു പുറത്തുവച്ചാണ് ഹിജാബ് അഴിക്കുന്നത്.
ഹിജാബ് നിരോധനം വിവാദമായ ശേഷം ഇന്നാണ് കര്‍ണാടകയില്‍ വിദ്യാലയങ്ങള്‍ തുറന്നത്. 11, 12 ക്ലാസ്സുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
ഹിജാബ് നിരോധനത്തിനെതിരേയുള്ള ഹരജി ഹൈക്കോടതിയില്‍ ഇന്ന് ഉച്ചക്ക് വീണ്ടും വാദം കേള്‍ക്കും.
മതപരമായ ചിഹ്നങ്ങളോടെ കുട്ടികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തവിട്ടതിനുശേഷമാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്. സമുദായ സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താനാണ് മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.
വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി മെംഗളൂരുവിലും ഉഡുപ്പിയിലും ഷിമോഗയിലും പോലിസ് ഫ്‌ലാഗ് മാര്‍ച്ചുകള്‍ നടത്തിയിരുന്നു.