സുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു

Update: 2024-04-29 12:47 GMT

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ച് ഭാര്യ സുനിത കെജ്‌രിവാളും മന്ത്രി അതിഷിയും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ നാളെ കെജ്രിവാളിനെ സന്ദര്‍ശിക്കും. ''ഞാന്‍ കെജ്രിവാളിനെ കണ്ട് തിരിച്ചെത്തിയതേ ഉള്ളൂ. അദ്ദേഹത്തോട് സുഖമാണോ എന്ന് തിരക്കി. അപ്പോള്‍ എന്റെ ക്ഷേമാന്വേഷണം അവിടെ നില്‍ക്കട്ടെ ഡല്‍ഹിയിലെ ജോലികള്‍ എങ്ങനെ പോകുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കുന്നുണ്ടോ? മൊഹല്ല ക്ലിനിക്കില്‍ ആവശ്യത്തിന് മരുന്നുകളുണ്ടോ? എന്നും അദ്ദേഹം ആരാഞ്ഞു.''-അതിഷി പറഞ്ഞു. നിലവില്‍ ആറ് വകുപ്പുകളുടെ ചുമതലയാണ് അതിഷി വഹിക്കുന്നത്.

വേനല്‍ക്കാലമാണെന്നും ഡല്‍ഹിയില്‍ ജലക്ഷാമം ഉണ്ടാകാന്‍ പാടില്ലെന്നും കെജ്രിവാള്‍ നിഷ്‌കര്‍ഷിച്ചു. ഡല്‍ഹിയിലെ വനിതകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ എത്തിക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹമെന്ന് അറിയിച്ചതായും അതിഷി വ്യക്തമാക്കി.സുനിതക്ക് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചില്ലെന്ന് നേരത്തേ എഎപി ആരോപിച്ചിരുന്നു.  കെജ്രിവാളിന്റെ കാര്യത്തില്‍ ഓരോ ദിവസവും പുതിയ നിയമങ്ങളാണ്. രണ്ടുപേര്‍ക്ക് അദ്ദേഹത്തെ കാണാന്‍ അനുമതിയുണ്ടെങ്കിലും ഭാര്യയുടെ സന്ദര്‍ശനം റദ്ദാക്കി. ഒടുവില്‍ ഇതിനെതിരെ ഞങ്ങളുടെ അഭിഭാഷകന്‍ നിയമപോരാട്ടം നടത്തിയപ്പോഴാണ് അനുമതി നല്‍കിയതെന്നും അതിഷി പറഞ്ഞു.

പ്രമുഖ നേതാക്കള്‍ ജയിലിലായതോടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലവില്‍ എഎപിയെ നയിക്കുന്നത് അതിഷിയാണ്. സുനിത കെജ്രിവാളിനെയും പാര്‍ട്ടി രംഗത്തിറക്കിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News