പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെ 12 എഎപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെ 12 എഎപി എംഎല്‍എമാരെ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത സസ്പെന്‍ഡ് ചെയ്തു. സിഎജി റിപോര്‍ട്ട് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് നീക്കം. ഇതോടെ ഡല്‍ഹി നിയമസഭയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) പ്രസംഗം ആരംഭിച്ചയുടനെ എഎപി എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി, ഇത് സഭയില്‍ ബഹളത്തിനിടയാക്കി. തുടര്‍ന്ന് എംഎല്‍എമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
സസ്പെന്‍ഡ് ചെയ്തതോടെ നിയമസഭയ്ക്ക് പുറത്ത് എംഎല്‍എമാര്‍ പ്രതിഷേധം നടത്തി. അതേസമയം, സിഎജി റിപോര്‍ട്ട് ആം ആദ്മി പാര്‍ട്ടിയുടെ അഴിമതിയെ തുറന്നുകാട്ടുന്നതാണെന്ന് ഡല്‍ഹി മന്ത്രിയും ബിജെപി നേതാവുമായ പര്‍വേഷ് വര്‍മ്മ പറഞ്ഞു.
''സിഎജി റിപോര്‍ട്ട് എഎപിയുടെ കറുത്ത പ്രവൃത്തികളുടെ പട്ടികയാണ്. അഴിമതി നടത്തിയവര്‍ ആരായാലും ഉത്തരം നല്‍കേണ്ടിവരുമെന്ന് ഞങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന്, എല്‍ജിയുടെ പ്രസംഗത്തിനുശേഷം, സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുമ്പോള്‍, അവരുടെ എല്ലാ കറുത്ത പ്രവൃത്തികളും ഡല്‍ഹിയിലെ ജനങ്ങളുടെ മുമ്പാകെ വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഡല്‍ഹി ബിജെപി മേധാവി വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.