മന്ത്രി എം ബി രാജേഷിനെതിരായ പരാമര്‍ശം; പ്രതിഷേധമുയര്‍ന്നപ്പോള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

Update: 2023-02-08 13:32 GMT

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷിനെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം ഖേദപ്രകടനത്തോടെ പിന്‍വലിക്കുകയാണ്. സ്പീക്കറെയും ഇക്കാര്യം അറിയിച്ചെന്ന് സതീശന്‍ പറഞ്ഞു. സ്പീക്കറുടെ ചെയറില്‍ നിന്ന് താഴെയിറങ്ങി അതിലും താഴേക്ക് വരരുതെന്നായിരുന്നു സതീശന്റെ പരാമര്‍ശം. ബജറ്റ് പ്രസംഗത്തിനുള്ള മറുപടി പറയുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് മുന്‍ സ്പീക്കര്‍ കൂടിയായ മന്ത്രി രാജേഷിനെതിരേ മോശം പരാമര്‍ശം നടത്തിയത്.

ഇതിനെതിരേ മന്ത്രി എം ബി രാജേഷ് പ്രതികരിച്ച് രംഗത്തുവന്നിരുന്നു. മുകളില്‍ ഇരിക്കുന്ന ആള്‍ തറയാണ് എന്നാണോ അര്‍ഥമെന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചു. ഭരണപക്ഷത്തെ മറ്റ് അംഗങ്ങളും പ്രതിപക്ഷ നേതാവിനെതിരേ പ്രതിഷേധമുയര്‍ത്തി. ഇതോടെ പരാമര്‍ശം പിന്‍വലിച്ച പ്രതിപക്ഷ നേതാവ്, തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ചില്ലെന്നും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചില്ലെന്നും മന്ത്രി പറഞ്ഞതിനെതിരായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം. രണ്ട് വിഷയത്തിലും തന്റെ പ്രസ്താവനകള്‍ സംബന്ധിച്ച പത്രവാര്‍ത്തകളും സതീശന്‍ ഉയര്‍ത്തിക്കാട്ടി.

Tags:    

Similar News