വധശിക്ഷ പരാമര്‍ശം വിവാദമായി; ജപ്പാന്‍ നീതിന്യായ മന്ത്രി രാജിവച്ചു

Update: 2022-11-12 02:06 GMT

ടോക്കിയോ: വധശിക്ഷ സംബന്ധിച്ച് പാര്‍ട്ടി യോഗത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ജപ്പാനിലെ നീതിന്യായ മന്ത്രി യസുഹിരോ ഹനാഷി രാജിവച്ചു. യസുഹിരോ ഹനാഷി വെള്ളിയാഴ്ച പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. മുന്‍ കൃഷിമന്ത്രി കെന്‍ സൈറ്റോയെയാണ് പകരക്കാരനായി നിയമിച്ചത്. തന്റേത് അപ്രസക്തമായ വകുപ്പ് ആണെന്നും ആര്‍ക്കെങ്കിലും വധശിക്ഷ വിധിക്കുമ്പോള്‍ മാത്രമേ വാര്‍ത്ത സൃഷ്ടിക്കാറുള്ളൂ എന്നായിരുന്നു ഹനാഷി പറഞ്ഞത്.

ഈ ആഴ്ച നിയമനിര്‍മാതാക്കളുമൊത്തുള്ള പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെ, രാവിലെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയതിന് ശേഷം ഉച്ചകഴിഞ്ഞുള്ള വാര്‍ത്തകളില്‍ മാത്രം തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ഒരു താഴ്ന്ന ജോലിയാണ് തന്റെ വകുപ്പെന്നാണ് അദ്ദേഹം പറഞ്ഞത്. അനുചിതമായ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം അടക്കമുള്ളവര്‍ രംഗത്തുവന്നു. വധശിക്ഷയെ നിസാരമാക്കി കണ്ടെന്നായിരുന്നു ആരോപണമുയര്‍ന്നത്.

വിവാദപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ ശേഷമാണ് ഹനാഷി സ്ഥാനമൊഴിഞ്ഞത്. ബാങ്കോക്കില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന പ്രധാനമന്ത്രി ഫുമിയോ കിഷിദ സംഭവവികാസങ്ങളെ തുടര്‍ന്ന് യാത്ര മാറ്റി. അദ്ദേഹത്തെ ആദ്യം നിയമിച്ചതിന്റെ സ്വന്തം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. മുന്നിലുള്ള വെല്ലുവിളികളെ നേരിടുന്നതിലൂടെ, തന്റെ കടമകള്‍ നിറവേറ്റാന്‍ ആഗ്രഹിക്കുന്നു- കിഷിദ പറഞ്ഞു. കഴിഞ്ഞ മാസം ദയ്ഷിറോ യമഗിവ ധനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. വധശിക്ഷ നിലനിര്‍ത്തുന്ന ചുരുക്കം ചില വികസിത രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍.

Tags:    

Similar News