ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് പവന്‍ ഖേരയെ അസം പോലിസ് അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് പോവാന്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ്. റായ്പൂരിലേക്ക് പോവാനെത്തിയ പവന്‍ ഖേരയെ ചെക് ഇന്‍ ചെയ്തതിനുശേഷം അധികൃതര്‍ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെ അസം പോലിസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരേ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ പരിഹസിച്ചെന്ന പരാതിയില്‍ പവന്‍ ഖേരയ്‌ക്കെതിരേ അസം പോലിസ് കേസെടുത്തത്. വാര്‍ത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാസ് മോദി എന്നു വിശേഷിപ്പിച്ചതിനാണ് കേസെടുത്തത്. സംഭവത്തില്‍ ഖേരയ്‌ക്കെതിരേ യുപിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ, പവന്‍ ഖേരയ്ക്ക് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസുകള്‍ ഒന്നിച്ചാക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യം കോടതി അംഗീകരിച്ചു. പവന്‍ ഖേരയ്‌ക്കെതിരേ കേസെടുത്ത അസം, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടീസ് നല്‍കും. നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിര്‍ഭാഗ്യകരമായ സംഭവമെന്നും അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. പവന്‍ ഖേരയുടെ പരാമര്‍ശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു.