പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല മന്ത്രിമാരെന്ന് മന്ത്രി റിയാസ്
അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീഷനെതിരേ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന് തുടര്‍ച്ചയായി കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് അദ്ദേഹം പറഞ്ഞു. അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നമെന്നും അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കുതിര കയറരുതെന്നും മന്ത്രി വ്യക്തമാക്കി.
ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വീകരിക്കും. തെറ്റായ വിമര്‍ശനങ്ങളെ എതിര്‍ക്കും. മുന്‍ പ്രതിപക്ഷ നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്തത് പ്രതിപക്ഷ നേതാവിനെ അലട്ടുന്നുണ്ട്. സമര സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല. ബിജെപിയെ വിമര്‍ശിക്കുമ്പോള്‍, ദേശീയപാത അതോറിറ്റിയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന് പൊള്ളുന്നതെന്തിനാണ്? സവര്‍ക്കറെ പ്രധാനമന്ത്രി പുകഴ്ത്തുമ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന പ്രചാരണമാണ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നത്. പാര്‍ടിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.