കോഴിക്കോട്: സിഎഎയെ പിന്തുണയ്ക്കുന്നുവെന്നും മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് പരാമര്‍ശം. സിഎഎ മതപ്രകാരം ചെയ്യുന്ന കാര്യങ്ങളല്ല. അങ്ങനെ മുദ്ര കുത്തേണ്ടതില്ല. ഇത് രാജ്യത്തിന് ആവശ്യമുള്ള കാര്യങ്ങളാണ്. സിഎഎയില്‍ മുസ്‌ലിംകളെ ഒഴിച്ചുനിര്‍ത്തുന്നത് ശരിയായ തീരുമാനമാണ്. സിഎഎ ഒരു വിഭാഗക്കാര്‍ക്ക് കൊടുക്കുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ആലോചിക്കണം. അവര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് മടങ്ങിവന്ന അവിടുത്തെ ന്യൂനപക്ഷക്കാരാണ്. മുസ്‌ലിം രാജ്യങ്ങളില്‍നിന്നു വന്നവരാണ് അധികവും. അവിടെ അവര്‍ക്ക് നില്‍ക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഓടിവന്നത്. പത്തും പതിനഞ്ചും കൊല്ലം മുമ്പൊക്കെ വന്നവര്‍ക്ക് നമ്മള്‍ പൗരത്വം കൊടുത്തില്ലെങ്കില്‍ പിന്നെ വേറെ ഏത് രാജ്യമാണ് കൊടുക്കുകയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
മുസ്‌ലിംകള്‍ക്ക് കൊടുക്കേണ്ട ആവശ്യമെന്താണ്?. പാകിസ്താനിലും ബംഗ്ലാദേശിലുമൊക്കെയുള്ള മുസ്‌ലിംകള്‍ അവരുടെ ഇഷ്ടപ്രകാരം അവിടെ പോയി താമസിക്കുന്നവരാണ്. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. അവരെ ഓടിക്കുന്നില്ല. അവിടെ നിലനില്‍പ്പില്ലാതെ എത്തുന്നവരെ, അവര്‍ ഇന്ത്യയെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മതം നോക്കാതെ അവരെയും പരിഗണിക്കണം. ആ സ്‌റ്റേജ് എത്തിയിട്ടില്ല. ഇതുവരെ ആരും വന്നിട്ടില്ല. ഇന്ത്യയില്‍ വന്നുകയറിയ എല്ലാവര്‍ക്കും പൗരത്വം കൊടുക്കുകയാണെങ്കില്‍ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി?. വളരെ കാലമായി വന്നു കാത്തിരിക്കുന്നവര്‍ക്ക് കൊടുക്കണം. അവര്‍ കുറച്ചു പേരേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടയാളാണ് ഇ ശ്രീധരന്‍. എന്നാല്‍, ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമായ ഒരു റോളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായ പിന്തുണയും തന്ത്രപരമായ സഹായങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. മോദി സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം. കഴിഞ്ഞ പത്തു വര്‍ഷത്തില്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ ഒരുപാട് അഭിവൃദ്ധിയും വികസനവും കൊണ്ടുവന്നു. അതിന് തുടര്‍ച്ചയുണ്ടാവണം. ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് ചിന്തിച്ചിട്ടേയില്ല. അവര്‍ ആവശ്യപ്പെട്ടാലും ഞാന്‍ പോവാന്‍ തയാറല്ലായിരുന്നു. കാരണം, എനിക്ക് 94 വയസ്സായി. പ്രചാരണ രംഗത്ത് സജീവമാവാനോ വെയിലത്ത് ഓടിനടക്കാനോ കഴിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.