ഡോ. കഫീല്‍ഖാന്‍: ഹേബിയസ് കോര്‍പസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ നിര്‍ദേശം

Update: 2020-08-11 15:45 GMT

ന്യൂഡല്‍ഹി: 2020 ജനുവരി 29ാം തിയ്യതി മുതല്‍ മഥുര ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ഖാനെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രിംകോടതി അലഹബാദ് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ദെയുടെ ബെഞ്ചില്‍ ഇന്ദിരാ ജെയ്‌സിങ് വഴി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. കക്ഷികള്‍ ഹാജരായി പതിനഞ്ച് ദിവസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണം.

ഡോ. കഫീല്‍ഖാന് നിയമപരമായി അനുവദിച്ച ജാമ്യം റദ്ദാക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് ദേശീയ സുരക്ഷാനിയമം അദ്ദേഹത്തിനെതിരേ പ്രയോഗിച്ചത്. ഈ മാര്‍ച്ചില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ച ശേഷം ഹൈക്കോടതി ഈ കേസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഇന്ദിരാജെയ്‌സിങ് കോടതിയെ അറിയിച്ചു.

വ്യക്തിസ്വാതന്ത്ര്യം കോടതി ഏറെ വിലമതിക്കുന്നുവെന്ന് ജെയ്‌സിങ്ങിന് ബോബ്ദെ മറുപടി നല്‍കി. വ്യക്തിയുടെ സ്വാതന്ത്ര്യം ഉള്‍പ്പെട്ട കേസായതിനാല്‍ കക്ഷികള്‍ കോടതിയില്‍ ഹാജരായ ഉടന്‍ നടപടികള്‍ ആരംഭിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി ഹാജരായാല്‍ മതിയെന്ന് ചേര്‍ക്കാന്‍ കഴിയുമോ എന്ന് ജെയ്‌സിങ് ആരാഞ്ഞു. വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയുമാകാമെന്നായിരുന്നു മറുപടി. അതും ഒരു ഹാജരാവലാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങള്‍ക്കു മുമ്പില്‍ ഹാജരാവുന്നതും അങ്ങിനെയാണല്ലോ- കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം ഹാജരാവലുകള്‍ സാധാരണ ഹാജരാവലായി പരിഗണിക്കണമെന്ന്  ജെയ്‌സിങ് അഭ്യര്‍ത്ഥിച്ചു.

വെര്‍ച്വല്‍ ഹിയറിങ് പുതിയ കാര്യമല്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. മഹാഭാരത കാലം മുതല്‍ ഇതുണ്ട്. തനിക്കതറിയില്ലെന്നും കൊവിഡ് കാലം മുതലുള്ളതായി അറിയാമെന്നും ഇന്ദിരാ ജെയ്‌സിങ് മറുപടി നല്‍കി. 

അറിയപ്പെടുന്ന പീഡിയാട്രിക് ഡോക്ടറായ കഫീല്‍ ഖാനെ 2019 ഡിസംബര്‍ 12 ന് സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലിഗഡില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. 2020 ജനുവരി 29ന് ഉത്തര്‍പ്രദേശ് പോലിസ് കഫീല്‍ഖാനെ അറസ്റ്റ് ചെയ്തു. ആദ്യം അലിഗഡ് ജയിലില്‍ തടവിലാക്കപ്പെട്ട അദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റി. ഫെബ്രുവരി 10 ന് ഖാന് ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തെ വിട്ടയച്ചില്ല. ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും തടവറയിലേക്കയച്ചു. ഇതിനെതിരേ കഫീല്‍ഖാന്റെ മാതാവ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി.

Tags:    

Similar News