എന്‍ഐഎയുടെ എതിര്‍പ്പ് തള്ളി; ഐഎസില്‍ ചേര്‍ന്ന ശേഷം തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവച്ച് സുപ്രീംകോടതി
ഉപാധികളോടെ വിചാരണ കോടതിയും ബോംബെ ഹൈക്കോടതിയും നല്‍കിയ ജാമ്യത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി
ന്യൂഡല്‍ഹി: ഐഎസില്‍ ചേര്‍ന്ന ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ യുവാവിന് ജാമ്യം അനുവദിച്ച നടപടി സുപ്രീംകോടതി ശരിവച്ചു ജാമ്യത്തിനെതിരായി എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിം കോടതി തീരുമാനമെടുത്തത്. മുംബൈ കല്യാണ്‍ സ്വദേശിയായ അരീബ് മജീദിന്റെ ജാമ്യമാണ് സുപ്രീം കോടതി ശരിവച്ചത്. എന്‍ഐഎ കോടതിയും ബോംബെ ഹൈക്കോടതിയും നേരത്തേ ഇാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീറിന്റെയും എ എസ് ബൊപ്പണ്ണയുടെയും ബെഞ്ച് ആണ് വിധി പറഞ്ഞത്.
ഉപാധികളോടെ വിചാരണ കോടതിയും ബോംബെ ഹൈക്കോടതിയും നല്‍കിയ ജാമ്യത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഐഎസില്‍ ചേര്‍ന്ന ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അരീബ് മജീദിനെതിരെ യുഎപിഎ വകുപ്പുകളും ഇന്ത്യ ശിക്ഷാനിയമത്തിലെ 125ാം വകുപ്പ് പ്രകാരവും എന്‍ഐഎ കേസെടുത്തിരുന്നു.
ഇറാഖില്‍ നിന്ന് മറ്റ് മൂന്നുപേര്‍ക്കൊപ്പം 2014 മെയ് മാസത്തിലാണ് മജീദ് ബാഗ്ദാദിലേക്ക് പോയത്. ആറ് മാസത്തിന് ശേഷം നവംബറില്‍ മജീദ് മാത്രം ഇന്ത്യയില്‍ തിരിച്ചെത്തി. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. പൊലീസ് ആസ്ഥാനം ബോംബുവെച്ച് തകര്‍ക്കാന്‍ മജീദ് പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു എന്‍ഐഎയുടെ വാദം.
പ്രത്യേക എന്‍ഐഎ കോടതി അരീബ് മജീദിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ എന്‍ഐഎ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ 'ഗണ്യമായ കാലയളവില്‍' വൈകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട്, ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, മനീഷ് പിറ്റലെ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തു. അതിവേഗ വിചാരണയ്ക്കുള്ള അവകാശത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിക്കാനുള്ള മൗലികാവകാശം ശരിവെക്കുകയാണ് എന്നായിരുന്നു കോടതി പറഞ്ഞത്. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ജാമ്യം അനുവദിച്ചത്.