ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഇളവ് പരിഗണിക്കുമ്പോള്‍, പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് അധികാരം വിനിയോഗിക്കണമെന്ന് ഓര്‍മിപ്പിച്ച കോടതി, ഇന്ന് ബില്‍ക്കീസ് ആണെങ്കില്‍ നാളെ അത് മറ്റാരെങ്കിലും ആവാമെന്നും തുറന്നടിച്ചു. ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഗുജറാത്ത് വംശഹത്യയ്ക്കിടെ കൂട്ടബലാല്‍സംഗം ചെയ്യപ്പെടുകയും കുടുംബാംഗങ്ങള്‍ കൂട്ടക്കൊലയ്ക്കിരയാവുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരേ നീണ്ടകാലം നിയമയുദ്ധം നടത്തിയാണ് ബില്‍ക്കിസ് ബാനു ജീവപര്യന്തം തടവുശിക്ഷ വാങ്ങിക്കൊടുത്തത്. എന്നാല്‍, ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ കൊടുംകുറ്റവാളികളായ പ്രതികള്‍ക്ക് ജയില്‍മോചനം നല്‍കി. വന്‍ വിവാദമായ സംഭവത്തില്‍ ബില്‍ക്കിസ് ബാനു നല്‍കിയ പുനപരിശോധനാ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി രൂക്ഷമായ ചോദ്യങ്ങളുയര്‍ത്തിയത്. സംസ്ഥാനത്തിന്റെ തീരുമാനത്തോട് കേന്ദ്ര സര്‍ക്കാര്‍ യോജിച്ചു എന്നതുകൊണ്ട് ഇത് അംഗീകരിക്കാനാവുമോയെന്നു ചോദിച്ച സുപ്രിംകോടതി, തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 'സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനം എന്തായിരുന്നു എന്നതാണ് ചോദ്യം. കുറ്റവാളികള്‍ അവരുടെ സ്വാഭാവിക ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് ജുഡീഷ്യറി പറഞ്ഞത്.
എന്നാല്‍, എക്‌സിക്യൂട്ടീവ് അവരെ മറ്റൊരു ഉരവിലൂടെ വിട്ടയച്ചു. ഇന്ന് ബില്‍ക്കിസ് ആണെങ്കില്‍ നാളെ അത് നിങ്ങളോ ഞാനോ ആകാം, വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ കാരണം പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ നിഗമനങ്ങളില്‍ എത്തിച്ചേരുമെന്നും ജസ്റ്റിസ് ജോസഫ് നിരീക്ഷിച്ചു. ബില്‍ക്കീസിന്റെ ഹരജിയില്‍ മാര്‍ച്ച് 27 ന് സുപ്രിംകോടതി നോട്ടീസ് നല്‍കിയിരുന്നു. കേസിന്റെ ഫയലുകള്‍ ഹാജരാക്കണമെന്നും മെയ് ഒന്നിനകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി. കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരായി. കേസ് പരിഗണിച്ചപ്പോള്‍, പ്രതികളുടെ അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കാന്‍ ബെഞ്ചിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഹരജിക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഓരോ തവണയും നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയാണെന്നും പുതിയതായി ഒന്നും ഫയല്‍ ചെയ്യാത്തതിനാല്‍ അനുവദിക്കരുതെന്നും അഭിഭാഷക ശോഭാ ഗുപ്ത വാദിച്ചു. കുറ്റാരോപിതരുടെ ഇത്തരം കുതന്ത്രത്തെയും കോടതി വിമര്‍ശിച്ചു. ഓരോ തവണയും വാദം കേള്‍ക്കുമ്പോള്‍ ഒരു പ്രതി ഈ കോടതിയില്‍ വരികയും മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. നാലാഴ്ചയ്ക്ക് ശേഷം മറ്റൊരു പ്രതിയും ഇത് ചെയ്യും. ഇത് ഡിസംബര്‍ വരെ തുടരും. ഈ തന്ത്രത്തെക്കുറിച്ച് ഞങ്ങള്‍ക്കും അറിയാമെന്നായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. ഇതോടെ, സര്‍ക്കാരിന് വേണ്ടി ഹാജരായ എഎസ്ജി എസ് വി രാജു വാദം കേള്‍ക്കുന്നതിന് നിശ്ചിത തിയ്യതി നിശ്ചയിക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുറ്റവാളികള്‍ക്ക് ഫലത്തില്‍ മൂന്നു വര്‍ഷത്തെ പരോള്‍ അനുവദിച്ചെന്നും ഓരോരുത്തര്‍ക്കും 1,000 ദിവസത്തിലധികവും ഒരു കുറ്റവാളിക്ക് 1,500 ദിവസത്തെയും പരോള്‍ ലഭിച്ചെന്നും രേഖകള്‍ പരിശോധിച്ച് മനസ്സിലാക്കിയ കോടതി, നിങ്ങള്‍ എന്ത് നയമാണ് പിന്തുടരുന്നതെന്നും ചോദിച്ചു. ബലാല്‍സംഗവും ആള്‍ക്കൂട്ട കൊലപാതകവും ഉള്‍പ്പെട്ട കേസിനെ ലളിതമായ കൊലപാതകവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ആപ്പിളും ഓറഞ്ചും താരതമ്യം ചെയ്യുമോ എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. 15 വര്‍ഷമായി കസ്റ്റഡിയില്‍ കഴിയുകയാണെന്ന പ്രതികളുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയുടെ വാദത്തെ ജസ്റ്റിസ് ജോസഫും രൂക്ഷമായാണ് നേരിട്ടത്. ബില്‍ക്കീസ് ബാനു കേസില്‍ ജയില്‍ മോചിതരായ പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് വന്‍ വിവാദമായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ക്ക് അനുവദിച്ച ഇളവ് ചോദ്യം ചെയ്ത് ഒരു കൂട്ടം പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റവാളികള്‍ക്ക് മോചനം നല്‍കിയതിനെതിരേ ബില്‍ക്കിസ് ബാനുവും കോടതിയെ സമീപിക്കുകയായിരുന്നു.