ബില്‍ക്കിസ് ബാനു കേസ്: കുറ്റവാളികളെ വിട്ടയച്ച ഉത്തരവ് റദ്ദാക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് അമേരിക്കന്‍ മനുഷ്യാവകാശ സംഘടന

ഇന്ത്യയിലെ ബലാല്‍സംഗത്തെ അതിജീവിച്ച ഓരോ വ്യക്തിക്കും നീതി തേടുന്നവര്‍ക്കും ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച് ഇപ്പോഴും നീതി തേടുന്നവര്‍ക്കും മുഖത്തേറ്റ അടിയാണ് ഈ തീരുമാനം.

Update: 2022-08-31 14:06 GMT

വാഷിങ്ടണ്‍: ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്ത കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവിനെതിരേ അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന രംഗത്ത്. 2002 ലെ ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കിയ സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച് സംഘടന, ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയക്കുകയും ചെയ്തു. യുഎസ്സിലെ മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് (ISPJ) ആണ് സുപ്രിംകോടതിയെയും ഗുജറാത്ത് സര്‍ക്കാരിനെയും സമീപിച്ച് ഇളവ് തീരുമാനം മാറ്റണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചത്.

ബില്‍ക്കിസ് ബാനുവിന്റെ കുടുംബാംഗങ്ങളുടെ മാത്രമല്ല, പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ബലാല്‍സംഗത്തെ അതിജീവിച്ച ഓരോ വ്യക്തിക്കും നീതി തേടുന്നവര്‍ക്കും ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച് ഇപ്പോഴും നീതി തേടുന്നവര്‍ക്കും മുഖത്തേറ്റ അടിയാണ് ഈ തീരുമാനം. 'മുസ്‌ലിം യുവതിയെ കൂട്ടബലാല്‍സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ വിട്ടയച്ചതിലുള്ള തങ്ങളുടെ രോഷം പ്രകടിപ്പിക്കാനാണ് ഈ കത്തെഴുതുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളിലൊന്നില്‍ ശിക്ഷിക്കപ്പെട്ട 11 പേരും സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തില്‍ സ്വതന്ത്രരായി നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് തന്റെ പ്രസംഗത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി മുറവിളി കൂട്ടുമ്പോഴും ഇതായിരുന്നു അവസ്ഥ. തീവ്ര വലതുപക്ഷ ഗ്രൂപ്പായ വിഎച്ച്പി പ്രതികളെ മധുരപലഹാരങ്ങളും മാലകളും നല്‍കിയാണ് സ്വീകരിച്ചത്. നാണമില്ലാതെ, ഗുജറാത്തിലെ വിഎച്ച്പി ഓഫിസുകളില്‍ നടന്ന അനുമോദന പരിപാടിയുടെ വീഡിയോയും അവര്‍ ചിത്രീകരിച്ചു,

കുറ്റവാളികളുടെ നെറ്റിയില്‍ പുരുഷന്‍മാരും സ്ത്രീകളും തിലകം ചാര്‍ത്തുന്നതും പുറത്തുവന്നു. 2008ല്‍ മഹാരാഷ്ട്ര ഹൈക്കോടതി 11 പേരെയും കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. ഗുജറാത്തിലെ ഉന്നത ബിജെപി ഉദ്യോഗസ്ഥന്‍ ബലാല്‍സംഗം ചെയ്തവരെ ബ്രാഹ്മണരെന്നും നല്ല സംസ്‌കാരമുള്ളവരെന്നും വിശേഷിപ്പിച്ചതിനെ കത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

കലാപസമയത്ത് ഹിന്ദുത്വ ജനക്കൂട്ടം മുസ്‌ലിംകളെ ആക്രമിച്ചതിനാല്‍ 21 വയസുകാരിയും ഗര്‍ഭിണിയുമായിരുന്ന ബില്‍ക്കിസ് ബാനുവിന് ഗ്രാമത്തില്‍ നിന്ന് ബന്ധുക്കളോടൊപ്പം പലായനം ചെയ്യേണ്ടിവന്നു. മൂന്നുവയസ്സുകാരിയായ മകളെ പോലും കലാപകാരികള്‍ വെറുതെവിട്ടില്ല. ബില്‍ക്കീസിന്റെ കൈയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത അവര്‍ തല പാറയില്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൂന്ന് ദിവസത്തെ അക്രമത്തില്‍ ആയിരക്കണക്കിനാളുകള്‍, കൂടുതലും മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്- കത്തില്‍ പറയുന്നു. ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരെ നിലവിലെ ദേശീയ ഗുജറാത്ത് നിയമപ്രകാരം സാധാരണഗതിയില്‍ നേരത്തേ വിട്ടയക്കാനാവില്ല. എന്നാല്‍, പാനല്‍ അംഗങ്ങള്‍ ഇളവ് സംബന്ധിച്ച സംസ്ഥാന നിയമം കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയതിനാല്‍ ഈ 11 പേരെയും മോചിപ്പിക്കാന്‍ പാനല്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

കൊലപാതകത്തിനും ബലാല്‍സംഗത്തിനും ശിക്ഷിക്കപ്പെട്ടവരെ നേരത്തെ മോചിപ്പിക്കുന്നത് യുദ്ധക്കുറ്റമായും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായുമാണ് ഐക്യരാഷ്ട്രസഭ തരംതിരിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളെക്കുറിച്ചുള്ള പൊള്ളത്തരവും കത്തില്‍ ചൂണ്ടിക്കാട്ടി. നിരവധി കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്. യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും സഹായം നല്‍കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കളെ ലോകം ഒറ്റപ്പെടുത്തും- കത്തില്‍ പറയുന്നു.

Tags:    

Similar News