പ്രിഥ്വിരാജിന് എതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ എതിര്‍പ്പറിയിച്ച് സുരേഷ് ഗോപിയും പ്രിയദര്‍ശനും
'സഭ്യത എന്നത് ഒരു സംസ്‌ക്കാരമാണ്, ഞാന്‍ ആ സംസ്‌ക്കാരത്തോടൊപ്പമാണ്'
കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന നടപടികളെ വിമര്‍ശിച്ചും ദ്വീപ് നിവാസികളെ അനുകൂലിച്ചും നടന്‍ പ്രിഥ്വിരാജ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ എതിര്‍പ്പറിയിച്ച് സുരേഷ് ഗോപിയും പ്രിയദര്‍ശനും. പ്രഥ്വിരാജിന്റെ പേര് പറയാതെയാണ് സുരേഷ്‌ഗോപി എതിര്‍പ്പ് വ്യക്തമാക്കിയത്. പ്രഥ്വിരാജിന്റെ പിതാവിനെ വരെ ബന്ധപ്പെടുത്തി ജനം ടിവി എഡിറ്റര്‍ നടത്തിയ പരാമര്‍ശം വന്‍ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. ഇതോടെ വാര്‍ത്ത പിന്‍വലിച്ചെങ്കിലും പ്രതിഷേധം തുടരുകയാണ്.
ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്റെ പേരോ പരാമര്‍ശിക്കാതെ സുരേഷ് ഗോപി നടത്തിയ പ്രതികരണത്തില്‍, വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ ഒരിക്കലും വലിച്ചിഴയ്ക്കരുത് എന്നാണ് അഭിപ്രായപ്പെട്ടത്. ' അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍.' എന്നായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.
സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരെയും പോലെ പ്രിഥ്വിരാജിനുണ്ടെന്നും സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് പ്രിയദര്‍ശന്‍ എതിര്‍പ്പറിയിച്ചത്. 'സഭ്യത എന്നത് ഒരു സംസ്‌ക്കാരമാണ്, ഞാന്‍ ആ സംസ്‌ക്കാരത്തോടൊപ്പമാണ്. പ്രഥ്വിരാജിന് എതിരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌ക്കാരവും ജനാധിപത്യ ബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു' എന്നും പ്രിയദര്‍ശന്‍ എഫ്ബിയില്‍ എഴുതി.