'വാരിയം കുന്നനി'ല്‍നിന്ന് പിന്‍മാറി പൃഥ്വിരാജും ആഷിക് അബുവും

മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

Update: 2021-09-01 11:55 GMT

കോഴിക്കോട്: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ആഷിക് അബു പ്രതികരിച്ചു. മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ജൂണിലാണ് ചിത്രം പ്രഖ്യാപിച്ചത്. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. സിനിമയുടെ പേരില്‍ പൃഥ്വിരാജ് സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിന് വിധേയനായിരുന്നു. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെടുത്താനാവില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

പൃഥ്വിരാജ് പിന്‍മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ രംഗത്തുവരികയും ചെയ്തു. ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണമുണ്ടായത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവര്‍ നിര്‍മിക്കുന്നുവെന്നാണ് പ്രഖ്യാപന സമയത്ത് അണിയറക്കാര്‍ പങ്കുവച്ചിരുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മാണപങ്കാളിത്തമുണ്ടായിരുന്നു.

ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. തന്റെ ചില മുന്‍കാല ഫേസ്ബുക്ക് പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് പ്രോജക്ടില്‍നിന്നും പിന്‍മാറിയിരുന്നു. അതേസമയം, സൈബര്‍ ആക്രമണങ്ങള്‍ സിനിമയെ ബാധിക്കില്ലെന്നായിരുന്നു ആഷിക് അബുവിന്റെ അന്നത്തെ പ്രതികരണം. ആഷിഖ് അബു വാരിയംകുന്നന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയും അലി അക്ബറും സമാനപ്രമേയവുമായി സിനിമ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News