സുനില്‍കുമാറിനേക്കാള്‍ പ്രാധാന്യം സുരേഷ് ഗോപിക്ക് നല്‍കി; പൂരം കലക്കിയത് സര്‍ക്കാര്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എട്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എട്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പില്‍ തുടങ്ങി ഓരോ കാര്യവും അക്കമിട്ട് നിരത്തിയായിരുന്നു അവതരണം. ആക്ഷന്‍ ഹീറോ ആയി എന്‍ഡിഎ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചുവെന്നും സുനില്‍കുമാറിനേക്കാള്‍ പ്രാധാന്യം സുരേഷ് ഗോപിക്ക് നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഴ്ചകളില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടപടികള്‍ എടുക്കേണ്ടതായിരുന്നു. ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയില്ല. സാധാരണഗതിയില്‍ വാഹനങ്ങള്‍ തടയാറുണ്ട്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് വന്നത് വൈകി. സാധാരണ ജനക്കൂട്ടത്തെ രണ്ടായി തിരിക്കും. ജനക്കൂട്ടത്തെ ശത്രുതയോടെ കണ്ടു. ഒരു അനുഭവ പരിചയവുമില്ലാത്തയാളെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആക്കി വെച്ചെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പൊലിസ് സഹായിക്കാതെ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ആംബുലന്‍സില്‍ എത്താന്‍ കഴിയുമോ? സുരേഷ് ഗോപിക്ക് എഡിജിപി എം.ആര്‍ അജിത് കുമാര്‍ വഴി വെട്ടി കൊടുത്തു. സുരേഷ് ഗോപിയെ കൂട്ടിക്കൊണ്ട് വന്നത് പൂരം കലക്കാന്‍. പൂരം കലങ്ങിയതില്‍ വിഷമം ഉള്ള ആളുകളാണ് ഞങ്ങള്‍. ഞങ്ങളുടെ ആളുകള്‍ പൂരം സ്‌നേഹികളാണ്.ഞങ്ങളുടെ വോട്ടര്‍മാര്‍ പൂരം സ്‌നേഹികളാണ് ദൈവവിശ്വാസികളുമാണ്. എല്ലാം ചെയ്തത് അങ്കിത് അശോക് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അയാള്‍ ഇതെല്ലാം സ്വയം ചെയ്തുയെന്ന് കേരള സമൂഹം വിശ്വസിക്കുമോ? ഒരു പരിചയവുമില്ലാത്ത ഒരാളെ പൂരം നടത്തിപ്പ് ആര് ഏല്‍പ്പിച്ചു. ഒരിക്കലും ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.