എംപിമാരുടെ സസ്‌പെന്‍ഷന്‍; കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവം പുറത്തുവന്നുവെന്ന് ബിനോയ് വിശ്വം

Update: 2021-11-30 07:32 GMT

ന്യൂഡല്‍ഹി: രാജ്യസഭയില്‍  നിന്ന് താനടക്കമുള്ള 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യസ്വഭാവത്തിന്റെ സൂചനയാണെന്ന് സിപിഐ നേതാവും രാജ്യസഭാ അംഗവുമായ ബിനോയ് വശ്വം എംപി. ഫേസ് ബുക്കിലെഴുതിയ പ്രതികരണത്തിലാണ് ബിനോയ് വിശ്വം കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്.

''കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവം ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമാണ് സസ്‌പെന്‍ഷന്‍. രാജ്യത്തെ പൗരന്മാരുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളിലൂടെ ജനങ്ങളുടെ സ്വരം അടിച്ചമര്‍ത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹമായി അവസാനിക്കും.''- ബിനോയ് വിശ്വം എഴുതി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പെഗസസ് ചാര സോഫ്റ്റ് വെയര്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ചതിനാണ് രാജ്യസഭയിലെ 12 എംപിമാരെ സ്പീക്കര്‍ പുറത്താക്കിയത്. സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ എംപി ശാന്താ ഛേത്രി, കോണ്‍ഗ്രസ്സിലെ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദശായി തുടങ്ങിയവരാണ് പുറത്തായ എംപിമാര്‍.

എംപിമാരെ തിരിച്ചെടുക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച എംപിമാര്‍ പാര്‍ലമെന്റ് കാമ്പസിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധമറിയിച്ചു. 

Tags:    

Similar News