ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ട്: ബിനോയ് വിശ്വം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ആകാംക്ഷയാണ്, ഉത്കണ്ഠയാണ്, ചോദ്യമാണ്. എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സി.പി.ഐക്കുമുണ്ട്. കൂടിക്കാഴ്ചയേപ്പറ്റി പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിലെ ജനങ്ങളുടെ സാംസ്‌കാരികോത്സവമായ പൂരം അലങ്കോലമാക്കിയതില്‍ പോലിസിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പൊന്തിവരവെ കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യമുണ്ട്. എല്‍.ഡി.എഫിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല, ഉണ്ടാകുക വയ്യ. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍.ഡി.എഫിനും ആര്‍.എസ്.എസിനും ഇടയില്‍ ഒന്നുമില്ലെന്നും ബിനോയ് വിശ്വം അടിവരയിട്ടു.