ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിം നിരോധനത്തിനുള്ള ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ ആര്‍ എന്‍ രവി അംഗീകാരം നല്‍കി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇത് നിയമമായി മാറുമെന്നാണ് റിപോര്‍ട്ടുകള്‍. നിയമം പ്രാബല്യത്തില്‍ വരുന്ന തിയ്യതി ഉടന്‍ അറിയിക്കുമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകള്‍ വര്‍ധിച്ചതോടെ ഇത്തരം ഗെയിമുകള്‍ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു.
ഐഐടി ടെക്‌നോളജിസ്റ്റ് ഡോ.ശങ്കരരാമന്‍, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതി ജൂണ്‍ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. അന്നുതന്നെ റിപോര്‍ട്ട് മന്ത്രിസഭയുടെ മുന്നിലെത്തി. തുടര്‍ന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി. ആഗസ്ത് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.
ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനായി ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിങ് അതോറിറ്റി രൂപീകരിക്കാനും ഓര്‍ഡിനന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. ഐജി റാങ്കില്‍ കുറയാത്ത വിരമിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ ബോഡിയിലുണ്ടാവും. വിവരസാങ്കേതികവിദ്യയിലും ഓണ്‍ലൈന്‍ ഗെയിമിങ്ങിലെയും വിദഗ്ധരും ഒരു പ്രമുഖ മനശ്ശാസ്ത്രജ്ഞനും ഇതില്‍ അംഗങ്ങളായിരിക്കും.
ഓണ്‍ലൈന്‍ ചൂതാട്ടം, ഓണ്‍ലൈന്‍ ഗെയിം, ഓണ്‍ലൈന്‍ ഭാഗ്യപരീക്ഷണക്കളികള്‍ എന്നിവയെ ഓര്‍ഡിനന്‍സില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലോ ഓണ്‍ലൈന്‍ ഗെയിമിലോ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. നിരോധിത ഗെയിമുകളെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളില്‍ ആരെങ്കിലും പരസ്യം ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്താല്‍, ബന്ധപ്പെട്ട വ്യക്തിക്ക് ഒരുവര്‍ഷം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.
ദാതാവിന്, ഓര്‍ഡിനന്‍സില്‍ മൂന്നുവര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാദേശികമല്ലാത്ത ഓണ്‍ലൈന്‍ ഗെയിമുകള്‍ നല്‍കുന്നവര്‍ക്കും ഓര്‍ഡിനന്‍സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമല്ലാത്ത ഓണ്‍ലൈന്‍ ഗെയിമുകള്‍ നല്‍കുന്നവര്‍ക്കും ഓര്‍ഡിനന്‍സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.