മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രിംകോടതിയില്‍

Update: 2022-11-16 05:14 GMT

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, ഇത് വിവാദമായതോടെ അനുമതി റദ്ദാക്കുകയായിരുന്നു. ഈ അനുമതി പുനസ്ഥാപിക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് കോടതിയെ സമീപിച്ചിരിക്കുന്നത്. അണക്കെട്ട് ബലപ്പെടുത്തുന്ന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുനസ്സംഘടിപ്പിക്കപ്പെട്ട മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. തമിഴ്‌നാടിന്റെ കൂടുതല്‍ ബോട്ടുകള്‍ക്ക് പെരിയാര്‍ തടാകത്തില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Tags:    

Similar News