മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടന്‍ സുരക്ഷാപരിശോധന നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് തമിഴ്‌നാട്
കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഉടന്‍ സുരക്ഷാപരിശോധന നടത്തുന്നതിനെ ശക്തമായി എതിര്‍ത്ത് തമിഴ്‌നാട്.അണക്കെട്ട് സുരക്ഷിതമാണെന്നും അടിയന്തരമായി പരിശോധിക്കേണ്ടതില്ലെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. കേന്ദ്ര ജലകമീഷനും മേല്‍നോട്ടസമിതിയും സുരക്ഷാപരിശോധന ആകാമെന്ന് 27ന് സുപ്രിംകോടതിയെ അറിയിച്ചിരുന്നു.കേസില്‍ സുപ്രിംകോടതി അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തമിഴ്‌നാട് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
'അണക്കെട്ടിന് കേടുപാട് ഇല്ല. കുമ്മായം അടര്‍ന്നുവീഴുന്നതും മണ്ണടിയുന്നതും താരതമ്യേന കുറവ്. സീപ്പേജ് അളവും അനുവദനീയമായ നിലയില്‍, 2021 നവംബര്‍ 30 മുതല്‍ 18 ദിവസം അണക്കെട്ടില്‍ 142 അടിയില്‍ കൂടുതല്‍ ജലമുണ്ടെന്നും സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. അണക്കെട്ടിന്റെ ബലം കൂട്ടാനുള്ള ജോലികളും അറ്റക്കുറ്റപ്പണികളും പൂര്‍ത്തിയാക്കിയശേഷം മാത്രം സുരക്ഷാപരിശോധന മതി. ബലംകൂട്ടാനുള്ള ജോലി കേരളം തടസ്സം നില്‍ക്കുന്നെന്നും തമിഴ്‌നാട് ആവര്‍ത്തിച്ചു.അണക്കെട്ട് സുരക്ഷിതമല്ലെന്നും ജീവനും സ്വത്തും വലിയ ഭീഷണിയുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്.