ആര്യങ്കാവില്‍ പിടികൂടിയ പാല്‍ സൂക്ഷിച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചു

Update: 2023-01-17 04:11 GMT

കൊല്ലം: ആര്യങ്കാവില്‍ ക്ഷീരവികസനവകുപ്പ് പിടികൂടിയ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചു. തെന്‍മല പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടാങ്കറിന്റെ ആദ്യത്തെ കംപാര്‍ട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ആറുദിവസമായി സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പാല്‍ കേടായി ടാങ്കറില്‍ വാതകം നിറഞ്ഞിരിക്കാമെന്നാണ് നിഗമനം. ഇത്തരത്തില്‍ കംപാര്‍ട്ട്‌മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന.

തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ക്ഷീര വികസനവകുപ്പ് വാഹനമുള്‍പ്പെടെ പിടികൂടിയത്. എന്നാല്‍, പിന്നീട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പാലില്‍ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.

ആറ് മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഓക്‌സിജനായി മാറുമെന്ന് ക്ഷീര വികസനമന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ വൈകിയതിനാലാവാം പരിശോധനയില്‍ രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു. ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.

Tags:    

Similar News