ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍; മോചനത്തിന് ശ്രമം തുടരുന്നു
18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേരാണ് വെള്ളിയാഴ്ച്ച ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി പാപ്പച്ചന്റെ മകന്‍ ബിജോ പാപ്പച്ചന്‍ എന്നയാള്‍ക്കു പുറമേ ഫോര്‍ട്ട് കൊച്ചി സ്വദേശിയും തൃപ്പുണിത്തുറ സ്വദേശിയുമാണ് കപ്പലിലുള്ള മലയാളികള്‍.
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്ളതായി വിവരം. 18 ഇന്ത്യക്കാരുള്‍പ്പെടെ 23 പേരാണ് വെള്ളിയാഴ്ച്ച ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി പാപ്പച്ചന്റെ മകന്‍ ബിജോ പാപ്പച്ചന്‍ എന്നയാള്‍ക്കു പുറമേ ഫോര്‍ട്ട് കൊച്ചി സ്വദേശിയും തൃപ്പുണിത്തുറ സ്വദേശിയുമാണ് കപ്പലിലുള്ള മലയാളികള്‍. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് കപ്പലിലെ ക്യാപ്റ്റന്‍. കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത കാര്യം ഉടമകളാണ് കൊച്ചിയിലുള്ള ബന്ധുക്കളെ അറിയിച്ചത്. ഇറാനിലെ ബന്ദര്‍ അബ്ബാസിലാണ് കപ്പല്‍ ഇപ്പോള്‍ നങ്കൂരമിട്ടിട്ടുള്ളത്.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിന് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നുണ്ട്. ഡല്‍ഹിയിലെ ഇറാന്‍ എംബസിയുമായും തെഹ്‌റാനുമായും ബന്ധപ്പെട്ട് കപ്പലില്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. എന്നാല്‍, അവര്‍ ഇതുവരെ ഔദ്യോഗികമായി വിവരം കൈമാറാത്തത് കൊണ്ട് കപ്പലില്‍ ഉള്ളവരുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കപ്പലിന്റെ ഉടമസ്ഥരുമായും മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ജിബ്രാള്‍ട്ടറില്‍ ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് നടപടിക്ക് പ്രതികാരമായാണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലിലും മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുണ്ട്.
ബ്രിട്ടന്‍ പിടിച്ചെടുത്ത തങ്ങളുടെ കപ്പല്‍ വിട്ടയച്ചില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് നേരത്തെ ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതിനാലാണ് ബ്രിട്ടീഷ് കപ്പല്‍ പിടികൂടിയതെന്ന് ഇറാന്‍ പറഞ്ഞു. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കപ്പല്‍ ഉടമകള്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെ വരികയായിരുന്ന കപ്പല്‍ ഇറാന്‍ സൈന്യം വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ കപ്പല്‍ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി നിയമം ലംഘിച്ചതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് റവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു. കറുത്ത മുഖംമൂടിയണിഞ്ഞ ഇറാന്‍ സൈനികര്‍ ഹെലികോപ്ടറില്‍ നിന്ന് കയര്‍ വഴി കപ്പലിലേക്ക് ഇറങ്ങുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഒപ്പം സൈനിക ബോട്ടുകള്‍ കപ്പലിനെ വളയുന്നുമുണ്ട്.
റഷ്യ, ഫിലിപ്പീന്‍സ്, ലാത്വിയ, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ള മറ്റ് ജീവനക്കാര്‍. അതേസമയം കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് സൂചന.
നേരത്തേ ബ്രിട്ടീഷ് 42 കമാന്‍ഡോ സംഘത്തിലെ 30 മറീനുകള്‍ അടങ്ങുന്ന സംഘമാണ് ജിബ്രാള്‍ട്ടറിന്റെ ആഭ്യര്‍ഥന പ്രകാരം ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. സിറിയയിലെ ബനിയാസ് റിഫൈനറിയിലേക്ക് എണ്ണയുമായി പോവുകയായിരുന്നു കപ്പലെന്ന് ആരോപിച്ചായിരുന്നു നടപടി. കപ്പല്‍ രണ്ടാഴ്ച്ച കൂടി പിടിച്ചുവയ്ക്കാന്‍ കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് ബ്രിട്ടന്റെ കപ്പല്‍ ഇറാന്‍ തടഞ്ഞുവച്ചത്.