അധ്യാപകനിയമന അഴിമതി: ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയെ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടു

Update: 2022-07-23 15:09 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ത്ഥാ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. കൊല്‍ക്കത്ത ബാങ്ക്ഷാല്‍ കോടതിയാണ് മന്ത്രിയെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള എസ്എസ്‌കെഎം ആശുപത്രിക്കുപകരം കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇ ഡി കോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജി വഴിങ്ങിയില്ല. ചാറ്റര്‍ജി മുതിര്‍ന്ന മന്ത്രിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളെ അദ്ദേഹത്തിന് സ്വാധീനിക്കാനാവുമെന്നും ഇ ഡിയുടെ അഭിഭാഷകന്‍ വാദിച്ചു. പക്ഷേ, എസ്എസ്‌കെഎം ആശുപത്രിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു.

ശനിയാഴ്ചയാണ് ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. മമതയുടെ മന്ത്രിസഭയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയാണ് പാര്‍ത്ഥ ചാറ്റര്‍ജി.

ഇന്ന് രാവിലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപകനിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മന്ത്രിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നല്‍ പരിശോധനയില്‍ 20 കോടിയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. 20 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Tags:    

Similar News