പ്ലസ്ടു മൂല്യനിര്‍ണയം;അധ്യാപകര്‍ ഇന്നും കാംപ് ബഹിഷ്‌കരിച്ചേക്കും

ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിലുമാണ് പ്രതിഷേധം

Update: 2022-04-30 04:12 GMT

തിരുവനന്തപുരം:പ്ലസ്ടു മൂല്യ നിര്‍ണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും കാംപ് ബഹിഷ്‌കരിക്കാനൊരുങ്ങി അധ്യാപകര്‍. ഉത്തര സൂചികയില്‍ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷന്‍ നടത്തിയ അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ കാംപുകള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചിരുന്നു.

എന്നാല്‍ അധ്യാപകര്‍ കാംപില്‍ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അധ്യാപകരും വിദഗ്ധരും ചേര്‍ന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകര്‍ത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായിരുന്നു പ്രതിഷേധത്തിന് കാരണം.

വാരിക്കോരി മാര്‍ക്ക് നല്‍കുന്ന തരത്തില്‍ ഫൈനലൈസഷന്‍ സ്‌കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയോടെ പ്രതിഷേധം ശക്തമായി. ഉത്തര സൂചികയില്‍ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ പ്രതിഷേധിക്കുന്നത്.


Tags:    

Similar News