പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച് മക്കളെ ബലിനല്‍കിയ അധ്യാപക ദമ്പതികള്‍ അറസ്റ്റില്‍
കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് പദ്മജ അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത്.
ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്) : പുനര്‍ജീവിക്കുമെന്ന് വിശ്വസിച്ച് രണ്ട് പെണ്‍മക്കളെ ബലി നല്‍കിയ അധ്യാപക ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പദ്മജ, പുരുഷോത്തം നായിഡു ദമ്പതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദനപ്പള്ളി ഗവ. ഡിഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം നായിഡു. എംഎസ്‌സി മാത്തമാറ്റിക്‌സ് ഗോള്‍ഡ് മെഡലിസ്റ്റായ പദ്മജ ചിറ്റൂര്‍ ഐഐടി ടാലന്റ് സ്‌കൂളിലെ അധ്യാപികയാണ്.
കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍, തിങ്കളാഴ്ച രാവിലെ ഇരുവരും പുനര്‍ജീവിക്കുമെന്ന് അവകാശപ്പെട്ടാണ് മാതാവ് പദ്മജ അലേഖ്യ (27), സായി ദിവ്യ (22) എന്നീ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയത്. ഡംബെല്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്ന് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആദ്യം ദമ്പതികള്‍ ചെറുത്തു. ഒരു ദിവസം തങ്ങള്‍ക്ക് നല്‍കണമെന്നും മക്കള്‍ പുനര്‍ജീവിക്കുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, പൊലീസ് ബലം പ്രയോഗിച്ച് അകത്തുകടന്നു. വീട്ടിനുള്ളിലെത്തിയപ്പോള്‍ പൊലീസ് കണ്ടത് ചുവന്ന തുണിയില്‍ പൊതിഞ്ഞ പെണ്‍കുട്ടികളുടെ മൃതദേഹമാണ്. മൂത്തമകള്‍ അലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയ മകള്‍ സായി ദിവ്യ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. മുംബൈയിലെ എആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളിലും സായി ദിവ്യ പഠിച്ചിട്ടുണ്ട്.