റേഷനെച്ചൊല്ലി തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ബിജെപി എംപി തഹസില്‍ദാരെ മര്‍ദ്ദിച്ചു
തഹസില്‍ദാരുടെ വീട്ടിലെത്തിയാണ് എംപിയും ഇരുപതോളം വരുന്ന അനുയായികളും അക്രമം അഴിച്ചുവിട്ടത്
കന്നാജു: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന ലിസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി എംപി, തഹസില്‍ദാറെ മര്‍ദ്ദിച്ചു. എംപി സുബ്രാത് പതക്ക് ആണ് തഹസില്‍ദാര്‍ സദര്‍ അരവിന്ദ് കുമാറിനെ മര്‍ദ്ദിച്ചത്. ഉത്തര്‍പ്രേദശിലെ കന്നാജു മണ്ഡലത്തില്‍ നിന്നുളള എംപിയാണ് സുബ്രാത് പതക്ക്.
തഹസില്‍ദാരുടെ വീട്ടിലെത്തിയാണ് എംപിയും ഇരുപതോളം വരുന്ന അനുയായികളും അക്രമം അഴിച്ചുവിട്ടത്. വീട്ടില്‍ വരുന്നതിനു മുമ്പ് എംപി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് തഹസില്‍ദാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എംപിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുവെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.
എംപി പക്ഷേ, എല്ലാ ആരോപണവും നിഷേധിച്ചു. തഹസില്‍ദാര്‍ പാവങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയില്ലെന്നും അത് ചോദ്യം ചെയ്ത തന്റെ അനുയായികളോട് മോശമായി പെരുമാറിയെന്നും എംപി ആരോപിച്ചു.