സൂപ്രണ്ടിന്റെ ഓഫിസിലിരുന്ന് പോലും ഫോണ്‍ വിളി; വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിന് കാരണം കാണിക്കല്‍ നോട്ടീസ്

നേരത്തെ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെയടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു.

Update: 2021-09-22 11:33 GMT

തിരുവനന്തപുരം: തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലെ പ്രതികളുടെ നിരന്തര ഫോണ്‍ വിളിയില്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജയില്‍ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ ഉത്തരവ്. വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എജി സുരേഷിനാണ് നോട്ടീസ് നല്‍കിയത്. ഉത്തര മേഖല ജയില്‍ ഡിഐജിയുടെ റിപോര്‍ട്ടിലാണ് നടപടി.

സൂപ്രണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന റിപോര്‍ട്ടാണ് ഡിഐജി എംകെ വിനോദ് കുമാര്‍ ജയില്‍ മേധാവിക്ക് കൈമാറിയത്.

സൂപ്രണ്ടിന്റെ ഓഫിസിലിരുന്ന് പോലും പ്രതികള്‍ ഫോണ്‍ വിളിച്ചെന്നും റിപോര്‍ട്ടിലുണ്ട്.

ജയിലില്‍ തടവുകാരുടെ നിരന്തരഫോണ്‍ വിളിയുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ജയില്‍ ഡിജിപി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ തടവുകാര്‍ക്ക് സൗകര്യം ലഭിക്കുന്നതെന്നും ജയില്‍ ഡിജിപി പരിശോധിച്ചു. ജയിലില്‍ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയില്‍ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

നേരത്തെ ടിപി വധക്കേസ് പ്രതിയായ കൊടി സുനിയില്‍ നിന്ന് ഫോണ്‍ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലില്‍ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസില്‍ തടവില്‍ കഴിയുന്ന റഷീദ് എന്ന തടവുകാരന്‍ 223 മൊബൈല്‍ നമ്പറുകളിലേക്ക് 1345 തവണ ഫോണ്‍ വിളിച്ചിരുന്നതായി അധികൃതര്‍ കണ്ടെത്തി. ഇതേ ഫോണില്‍ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സ്ഥിതിയാണ്.

Tags:    

Similar News