കൊവിഡ് ഡല്‍റ്റാ പ്ലസ് വകഭേദത്തെ വാക്‌സിന്‍ പ്രതിരോധിക്കുമോയെന്ന പരിശോധന പുരോഗമിക്കുന്നു; ഭയം വേണ്ടെന്ന് ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍
ന്യൂഡല്‍ഹി: കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദത്തെ രാജ്യത്ത് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്‌സിന്‍ പ്രതിരോധിക്കുമോയെന്ന പരിശോധന നടന്നുകൊണ്ടിരിക്കുന്നതായും ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സാമിറാന്‍ പാണ്ട.
രണ്ടാം തരംഗത്തെപ്പോലെ മൂന്നാം തരംഗം ഗുരുതരമാവാനിടയില്ല. അടുത്ത ഏപ്രില്‍ മെയ് മാസങ്ങളിലാണ് മൂന്നാം തരംഗം വ്യാപിക്കാന്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ട. വാക്‌സിന്‍ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നോക്കേണ്ടത്. അടുത്ത തരംഗങ്ങളെ ഒഴിവാക്കാനുള്ള ഏക വഴി അതാണ്. ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന വാക്‌സിനുകള്‍ ഡല്‍റ്റ പ്ലസിനെ ചെറുക്കുമോയെന്നത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
പത്ത് സംസ്ഥാനങ്ങളിലായി ഇതുവരെ 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. അതിനര്‍ത്ഥം മൂന്നാം തരംഗം തുടങ്ങിയെന്നല്ല. അത് മൂന്നാം തരംഗമാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഗണിതശാസ്ത്ര മോഡലിങ് പരിശോധനയനുസരിച്ച് മുന്‍ രോഗബാധ മൂലം രോഗപ്രതിരോധ ശേഷി പൂര്‍ണമായും ഇല്ലാതായാല്‍ മാത്രമേ പുതിയ വകഭേദം പുതിയൊരു തരംഗമായി മാറുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപന നിരക്ക് 4.5 കടന്നാല്‍ മാത്രമേ അടുത്ത തരംഗത്തിന് സാധ്യതയുള്ളുവെന്നാണ് കരുതപ്പെടുന്നത്.