വാഷിങ്ടണ്‍: യുഎസ്സിലെ ടെക്‌സാസില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളിലെയും അമേരിക്കന്‍ പതാക പാതി താഴ്ത്തിക്കെട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍ ഉത്തരവിട്ടു. ശനിയാഴ്ച വരെയാണ് ഉത്തരവ് ബാധകമാവുക.
'വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും മൈതാനങ്ങളിലും എല്ലാ സൈനിക പോസ്റ്റുകളിലും നാവിക സ്‌റ്റേഷനുകളിലും ഫെഡറല്‍ ഗവണ്‍മെന്റിന്റെ എല്ലാ നാവിക കപ്പലുകളിലും 2022 മെയ് 28ന് സൂര്യാസ്തമയം വരെ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ ഉത്തരവിടുന്നു'- ബൈഡന്റെ ഉത്തരവില്‍ പറയുന്നു.
യുഎസ്സിലെ സൗത്ത് ടെക്‌സാസില്‍ 18കാരനാണ് എലിമെന്ററി സ്‌കൂളില്‍ നടത്തിയ വെടിവയ്പില്‍ 18 കുട്ടികളടക്കം 21 പേകെ വധിച്ചത്. ആക്രമണം നടത്തിയ ആളെ പോലിസ് വെടിവച്ചുകൊന്നു.
വെടിവയ്പില്‍ 18 കുട്ടികളും 3 മുതിര്‍ന്നവരുമാണ് മരിച്ചത്. 18 വയസ്സുള്ള സാല്‍വദോര്‍ റാമോസാണ് അക്രമിയെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് പറഞ്ഞു. വധിക്കപ്പെടുംമുമ്പ് ഇയാള്‍ രണ്ട് പോലിസുകാര്‍ക്കെതിരേ വെടിവച്ചിരുന്നു. പക്ഷേ, രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.
അക്രമി തനിച്ചായിരുന്നുവെന്നാണ് പോലിസിന്റെ വിലയിരുത്തല്‍. ഒരു കൈത്തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ആദ്യം 14 സ്‌കൂള്‍കുട്ടികളും ഒരു അധ്യാപകനും മരിച്ചെന്നാണ് കരുതിയിരുന്നത്. പിന്നീട് പോലിസാണ് മരണം 18ആയതായി അറിയിച്ചത്.
വെടിയുതിര്‍ത്തതിന് കാരണം എന്താണെന്ന് വ്യക്തമല്ല. അമേരിക്കന്‍ സ്‌കൂളുകളില്‍ വെടിവയ്പ് അസാധാരണമല്ല.