കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലെ മുസ് ലിം വിരുദ്ധത ഒരു കഫിയ്യ കൊണ്ടും മറയ്ക്കാന്‍ കഴിയുന്നതല്ല; പി ടി കുഞ്ഞാലി

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലെ മുസ് ലിം വിരുദ്ധത ഒരു കഫിയ്യ കൊണ്ടും മറയ്ക്കാന്‍ കഴിയുന്നതല്ലെന്ന് എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ പി ടി കുഞ്ഞാലി. ലോക ചരിത്രത്തില്‍ എവിടെയും കമ്മ്യൂണിസ്റ്റുകള്‍ മുസ് ലിം ജനതയെ ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കഫിയ്യ കൊണ്ട് മറയ്ക്കാന്‍ കഴിയാത്ത മുസ് ലിം വിരുദ്ധത' എന്ന പേരില്‍ തന്റെ ഫേയ്‌സ് ബുക്ക് പേജില്‍ പങ്കു വച്ച കുറിപ്പിലൂടെയാണ് പരാമര്‍ശം. കമ്മ്യൂണിസ്റ്റുകളുടെ ഉള്ളില്‍ ഒരു മുസ് ലിം വിരുദ്ധതയുണ്ടെന്നും അത് ആവശ്യമാകുമ്പോള്‍ നിര്‍ദയം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
ഫേയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം.
കഫിയ്യ കൊണ്ട് മറയ്ക്കാന്‍ കഴിയാത്ത മുസ് ലിം വിരുദ്ധത
പി ടി കുഞ്ഞാലി
ലോക ചരിത്രത്തില്‍ എവിടെയാണ് കമ്മ്യൂണിസ്റ്റുകള്‍ മുസ് ലിം ജനതയെ ഏറ്റെടുത്തത്. എവിടെയുമില്ല .മാത്രമല്ല കമ്മ്യൂണിസ്റ്റുകള്‍ എവിടെയൊക്കെ ആധിപത്യം വാണോ അവിടെയൊക്കെയും മുസ് ലിം ജനസമൂഹം അന്‍പും കരുണയും ലഭിക്കാതെ അപരത്വത്തിലേക്ക് നിര്‍ദ്ദയം തുരത്തപ്പെട്ടതായി ചരിത്രത്തില്‍ നാം അറിയുന്നു. ഒക്ടോബര്‍ വിപ്ലവത്തിന് ശേഷം സത്യത്തില്‍ ലെനിനും സംഘവും മധ്യേഷന്‍ മുസ് ലിം റിപ്പബ്ലിക്കുകളെ മോഹനമായ കാമനകള്‍ നല്‍കി റഷ്യന്‍ സാമ്രാജ്യത്വത്തിലേക്ക് ചതിച്ചു പിടിക്കുകയായിരുന്നു. എഴുപതാണ്ട് പിന്നിട്ട് റഷ്യയില്‍ കമ്മ്യൂണിസം തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഭീകരമായ ഒരു സത്യം ലോകമറിഞ്ഞു. യുഎസ്എസ്ആറിലെ ലിത് വിയയും ലിത്വാനിയയും ലാത് വിയയും ജോര്‍ജിയയും റഷ്യയും തുടങ്ങി കൊക്കേഷ്യന്‍ റിപ്പബ്ലിക്കുകള്‍ സര്‍വ്വ വിധവും സമ്പന്നമായപ്പോള്‍ കിര്‍ഗിസ്ഥാന്‍ തുര്‍ക്കു മാനിസ്ഥാന്‍ തജകിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ റിപ്പബ്ലിക്കുകള്‍ വെറും 'അട്ടപ്പാടിക'ളായിരുന്നു. ഇവിടങ്ങളിലെ ഖനിജങ്ങളും കാര്‍ഷിക ഉത്പന്നങ്ങളും ചൂഷണം ചെയ്താണ് കൊക്കേഷന്‍ റിപ്പബ്ലിക്കുകള്‍ കമ്മ്യൂണിസത്തിന്റെ ചെലവില്‍ തടിച്ചുകൊടുത്തത്.
മുരത്ത കമ്മ്യൂണിസ്റ്റ് ഏകാധിപതിയും മനുഷ്യ വിരോധിയുമായിരുന്ന അന്‍വര്‍ ഹോജയുടെ അല്‍ബേനിയായിലും ഈ മുസ്ലിം വിരുദ്ധതയുടെ രൂക്ഷ കാര്‍ക്കശ്യം തെളിഞ്ഞു കാണാം. മാവോ നമ്മളെ രക്ഷിക്കുമെന്നായിരുന്നു ഒരുകാലത്ത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പോലും കനവ് കണ്ടിരുന്നത്. ചൈനയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രവിശ്യകള്‍ മുസ് ലിം ദേശങ്ങളായതും വെറുതെയല്ല. വിയറ്റ്‌നാമില്‍ മുസ് ലിം സെറ്റില്‍മെന്റുകള്‍ കാണുക ഹാനോയ് നഗരത്തിന്റെ വിദൂര പ്രാന്തങ്ങളിലാണ്. ഹോചിമിന്റെ നാട്ടില്‍ ഇത്രയും ദരിദ്രാവസ്ഥയില്‍ കഴിയുന്ന മനുഷ്യര്‍ വേറെയില്ല. മാര്‍ഷല്‍ ടീറ്റോ വിന്റെ കമ്മ്യൂണിസ്റ്റ് വല്‍ക്കം പൊളിച്ച് യൂഗ്ലോ സാവിയ പുറത്തുവന്നപ്പോള്‍ സ്ലോവേനിയയും സെര്‍ബിയയും സമ്പന്നതയില്‍ കുളിച്ചു നിന്നു. മുസ് ലിം റിപ്പബ്ലിക്കുകളായ ബോസ്‌നിയയിലും ഹെര്‍സഗോവിനയിലും അപ്പോള്‍ ദാരിദ്ര്യം മേഞ്ഞുനടക്കുകയായിരുന്നു. ലോകത്തെവിടെയും കമ്മ്യൂണിസ്റ്റുകള്‍ പെരുമാറിയത് ഇങ്ങനെയാണ്. ഇന്ത്യയിലും ഇത് തന്നെയാണ് സംഭവിച്ചത്. മുസഫര്‍ അഹമ്മദും ഹസറത്ത് മൊഹാനിയും ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ ആചാര്യ സ്ഥാനത്താണെന്നത് വെറും പ്രഭാഷണസൗന്ദര്യം മാത്രം. പ്രയോഗ ചരിത്രം മറ്റൊന്ന്. ദീര്‍ഘകാലം ബംഗാളില്‍ സ്വര്‍ഗ്ഗം പണിയാന്‍ കുതറിയതാണല്ലോ കമ്മ്യൂണിസ്റ്റുകള്‍. അവിടെ യാത്ര പോയവര്‍ക്കറിയാമല്ലോഎവിടെ റോഡുകള്‍ അവസാനിക്കുന്നുവോ അവിടെ ഒരു മുസ് ലിം ഗ്രാമം സമാരംഭിക്കുന്നുവെന്ന്. എവിടെ വൈദ്യുത കമ്പികള്‍ അദൃശ്യമാകുന്നുവോ അവിടെ നിന്നാണ് ഒരു മുസ് ലിംഗ്രാമം തുടങ്ങുന്നതെന്ന്. ഇതൊക്കെയും സത്യമാണ് സഖാക്കളേ. ഈ കാപട്യം മറക്കാന്‍ പലസ്തീനിലെ കഫിയ നിങ്ങള്‍ക്കു മതിയാവില്ല. കമ്മ്യൂണിസ്റ്റുകളുടെ ഉള്ളില്‍ ആഗോളത്തില്‍ തന്നെ ഒരു മുസ് ലിം വിരുദ്ധതയുണ്ട്. ആവശ്യമാകുമ്പോള്‍ അത് നിര്‍ദ്ദയം പുറത്തു വരും. അത് കോഴിക്കോട്ടും സംഭവിച്ചു.
Full View