'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി ഹിന്ദുത്വര്‍ (വീഡിയോ)

Update: 2022-08-15 18:29 GMT

ലഖ്‌നൗ: ഭാരത മാതാവിനെ ഹിജാബണിയിച്ച് മുസ് ലിമാക്കിയെന്ന വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വര്‍. സംഘപരിവാര്‍ ചാനലായ സുദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളും ഹിന്ദുത്വ ഐഡികളുമാണ് വര്‍ഗീയ പ്രചാരണത്തിന് തുടക്കമിട്ടത്. മത മൈത്രി സന്ദേശമുയര്‍ത്തിപ്പിടിച്ചു കൊണ്ട് യുപിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകത്തിലെ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു ഹിന്ദുത്വരുടെ പ്രചാരണം. 'ഭാരതമാതാവിന്റെ കിരീടം ഊരിമാറ്റി ഹിജാബ് ധരിപ്പിച്ചിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സുദര്‍ശന്‍ ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

'മതത്തിന്റെ പേരില്‍ കലഹിക്കരുത്, സാമൂഹിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക എന്നീ സന്ദേശം ഉള്‍ക്കൊണ്ട നാടകമാണ് കുട്ടികള്‍ അവതരിപ്പിച്ചതെന്ന് യുപി പോലിസ് വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പോലിസ് അറിയിച്ചു.



അതേസമയം, വര്‍ഗീയ വാര്‍ത്ത പിന്‍വലിക്കാന്‍ സുദര്‍ശന്‍ ന്യൂസ് ഇതുവരെ തയ്യാറായിട്ടില്ല. ഭാരതമാതാവിനെ വിവിധ മത വിശ്വാസികള്‍ അവരുടെ വിശ്വാസ പ്രകാരം ചിത്രീകരിക്കുന്നതായാണ് നാടകത്തിലുള്ളത്.

ഹൈന്ദവര്‍ അവരുടെ വിശ്വാസ പ്രാകാരവും, ക്രൈസ്തവര്‍ അവരുടെ വിശ്വാസ പ്രകാരവും മുസ് ലിംകള്‍ അവരുടെ വിശ്വാസ പ്രകാരവും പ്രാര്‍ത്ഥന നടത്തുന്നുണ്ട്. എന്നാല്‍, ഇതില്‍ മുസ് ലിംകള്‍ അവരുടെ വിശ്വാസ പ്രകാരണം പ്രാര്‍ത്ഥന നടത്തുന്ന ഭാഗം മാത്രം കട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

വ്യാജ വാര്‍ത്ത പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. നാടകത്തിന്റെ പൂര്‍ണമായ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതോടെ ഹിന്ദുത്വരുടെ വര്‍ഗീയ നീക്കം പൊളിയുകയായിരുന്നു.

'മതത്തിന്റെ പേരില്‍ കലഹിക്കരുത്, സാമൂഹിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക എന്ന സന്ദേശം നല്‍കുന്ന നാടകമാണ് കുട്ടികള്‍ അവതരിപ്പിച്ചത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും'. പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.





Tags:    

Similar News