കര്‍ണാടകയിലെ ചരിത്ര പ്രസിദ്ധമായ മദ്‌റസയില്‍ അതിക്രമിച്ചുകയറി ഹിന്ദുത്വര്‍ പൂജ നടത്തി; ഒമ്പത് പേര്‍ക്കെതിരേ കേസ്

Update: 2022-10-07 02:52 GMT

ബെംഗളൂരു: കര്‍ണാടകയിലെ ബീദറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടം മദ്‌റസയില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വര്‍ പൂജ നടത്തി. ചരിത്ര പ്രസിദ്ധമായ മഹ്മൂദ് ഗവാന്‍ മദ്‌റസ പരിസരത്ത് അതിക്രമിച്ച് കയറിയാണ് ആള്‍ക്കൂട്ടം പൂജ നടത്തിയതും മുദ്രാവാക്യം വിളിച്ചതും. 1460കളില്‍ പണികഴിപ്പിച്ച മദ്‌റസ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും മദ്‌റസ ഉള്‍പ്പെടുന്നു. സംഭവത്തില്‍ ബീദര്‍ പോലിസ് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പ്രതികളെ പിടികൂടുമെന്ന് പോലിസ് നല്‍കിയ ഉറപ്പിലാണ് മുസ്‌ലിം സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ടാണ് ജനക്കൂട്ടം മദ്‌റസയുടെ പൂട്ട് തകര്‍ത്ത് അകത്തുപ്രവേശിച്ചതെന്ന് പോലിസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ചു. മദ്‌റസ പ്രദേശത്ത് പ്രവേശിച്ച ഹിന്ദുത്വര്‍ കോണിപ്പടിയില്‍ കയറി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പൂജ നടത്താനായി ഒരു ഭാഗത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ജനക്കൂട്ടം കെട്ടിടത്തിനുള്ളില്‍ കയറാനും ശ്രമിച്ചു. സംഭവത്തെ അപലപിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബീദറില്‍ നിന്നുള്ള നിരവധി മുസ് ലിം സംഘടനകളും പ്രദേശവാസികളും രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തെ തുടര്‍ന്ന് പോലിസ് പ്രദേശത്തെ സുരക്ഷ കര്‍ശനമാക്കി. സയ്യിദ് മുബാഷിര്‍ അലി എന്നയാളുടെ പരാതിയെ തുടര്‍ന്ന് നരേഷ് ഗൗളി, പ്രകാശ്, വിനു, മന്ന, സാഗര്‍ ബന്തി, ജഗദീഷ് ഗൗളി, അരുണ്‍ ഗൗലി, ഗോരഖ് ഗൗളി, പേരറിയാത്ത ഒരാള്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News