നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം ഖബറടക്കി

Update: 2021-09-05 07:55 GMT

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 12കാരന്റെ മൃതദേഹം ഖബറടക്കി. കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 12.15ഓടെയായിരുന്നു ഖബറടക്കം. അടുത്ത ഏതാനും ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും അടക്കം പത്തോളം പേരാണ് പങ്കെടുത്തത്. എല്ലാവരും സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ചിരുന്നു.

2018ല്‍ നിപ മരിച്ചവരെയും ഇതേ ഖബര്‍ സ്ഥാനിലാണ് ഖബറടക്കിയത്. 

മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12കാരനാണ് ഇന്ന് പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി രാവിലെ കോഴിക്കോട്ടെത്തിയിരുന്നു. രാവിലെ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന ശേഷം കലക്ടറേറ്റില്‍ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. 

നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. അതില്‍ ഇരുപതു പേരാണ് പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്ളത്. അതില്‍ത്തന്നെ രണ്ടു പേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. 

നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട്ട് ആരംഭിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ കോളജിലെ ഒരു വാര്‍ഡ് നിപ വാര്‍ഡ് ആക്കി മാറ്റി. 

Tags:    

Similar News