കൊവിഡ് വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തെ ചെറുക്കില്ലെന്ന് ബ്രിട്ടീഷ് പഠനറിപോര്‍ട്ട്
ലണ്ടന്‍: കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് കൊവിഡ് വാക്‌സിന്‍ ഫലപ്രദമല്ലെന്ന് യുകെയില്‍ നിന്നുള്ള പഠനം. രണ്ടാമത്തെ ഡോസ് എടുത്തശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന ആവശ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഫൈസര്‍, ബയോഎന്‍ടെക് എസ് ഇ എന്നീ ആര്‍എന്‍എ വാക്‌സിനുകളുടെ ഉപയോഗക്ഷമത ആദ്യ 90 ദിവസത്തോടെ പരിപൂര്‍ണമായി കുറയും. ആ സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമാകും. എന്നാല്‍ ആസ്ട്രസെനക്കയുടെ വാക്‌സിന്‍ കുറേക്കൂടി വൈറസിനെ ചെറുക്കും.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഉണ്ടാവുന്ന അതേ വൈറസ് ലെവലായിരിക്കും അവരിലും ദൃശ്യമാവുക. നേരത്തെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ പഠനത്തിലും ഇതേ വിവരങ്ങളുണ്ടായിരുന്നു.
ബൂസ്റ്റര്‍ ഷോട്ടുകളുടെ ആവശ്യകതയിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നത്.
അതേസമയം ആദ്യ ഷോട്ടുകള്‍ തന്നെ എടുത്തുതീര്‍ക്കാത്ത സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഷോട്ട് വലിയ പ്രതിസന്ധിയാണ്. ഫൈസര്‍-ബയോഎന്‍ടെക്ക്, മൊഡേര്‍ണ വാക്‌സിനുകള്‍ എടുത്തവര്‍ എട്ട് മാസത്തിനു ശേഷം ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. എന്നാല്‍ ബ്രിട്ടീഷ് അധികാരികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇസ്രായേൽ സര്‍ക്കാര്‍ ഈ മാസം മുതല്‍ ഫൈസര്‍, ബയോടെക്ക് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. 60 വയസ്സിനുമുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ 86 ശതമാനം ഫലപ്രദമാണെന്ന് കരുതുന്നു.
ഓക്‌സ്ഫഡ് സര്‍വ്വകലാശാലയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. പഠനത്തിനുവേണ്ടി 3 ദശലക്ഷം പിസിആര്‍പരിശോധനയുടെ വിവരങ്ങള്‍ പരിശോധിച്ചു. ഈ വര്‍ഷം ഡെല്‍റ്റയായിരിക്കും ലോകത്ത് ഏറ്റവും അധികം ബാധിക്കുന്ന വകഭേദം.
ക്ലിനിക്കല്‍ ട്രയലില്‍ നിന്ന് വ്യത്യസ്തമായി സാധാരണ ലോകത്ത് വാക്‌സിന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇത്തരം പഠനങ്ങള്‍ സൂചനയെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ റീഡിങ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ സൈമന്‍ ക്ലാര്‍ക്ക് പറഞ്ഞു.