കുഴിക്കാട്ടുശ്ശേരി ഗ്രാമിക നാടകരാവിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

Update: 2022-04-18 15:15 GMT

മാള: മെയ് 10ന് നടക്കുന്ന കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ നാടകരാവിന്റെ ബ്രോഷര്‍ പ്രകാശനവും പാസ് വിതരണോദ്ഘാടനവും ചലച്ചിത്ര സംവിധായകന്‍ ജിജു അശോകന്‍ നിര്‍വ്വഹിച്ചു. നാടക പ്രവര്‍ത്തക അജിത കല്യാണി ഏറ്റുവാങ്ങി. ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡണന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരന്‍ സുരേഷ് മുട്ടത്തി, സംവിധായകന്‍ കെ എസ് പ്രതാപന്‍, നാടകപ്രവര്‍ത്തക ബിന്ദു തങ്കം, ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍, സെക്രട്ടറി ഡോ. വടക്കേടത്ത് പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മെയ് എട്ട് മുതല്‍ 15 വരെ നടക്കുന്ന ഗ്രാമികയുടെ വാര്‍ഷികാഘോഷം ദേശക്കാഴ്ചയുടെ ഭാഗമായി 10ന് നടക്കുന്ന നാടകരാവില്‍ രാത്രി 6.30നും 8.30നും ഗ്രാമിക കലാവേദിയുടെ നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍ എന്ന നാടകത്തിന്റെ രണ്ട് അവതരണങ്ങളാണ് നടക്കുക. കേരള സംഗീത നാടക അക്കാദമിയുടെ സാമ്പത്തിക സഹകരണത്തോടെ നിര്‍മിച്ച നാടകത്തിന്റെ രചനയും സംവിധാനവും കെ എസ് പ്രതാപനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രമുഖ ചലച്ചിത്ര നടന്മാരായ സുനില്‍ സുഖദയും രാജേഷ് ശര്‍മ്മയും ഉള്‍പ്പെടെ പതിനഞ്ച് നടീനടന്മാര്‍ വേഷമിടുന്നു. സംഗീതം പ്രമുഖ സംഗീതജ്ഞന്‍ ചന്ദ്രന്‍ വെയ്യാട്ടുമ്മലും ശബ്ദവും വെളിച്ചവും ജോസ് കോശിയുമാണ്.

Similar News