ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് വ്യവസ്ഥകള്‍ ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വാക്‌സിന്‍ സ്വീകരിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഉംറ വിസയില്‍ എത്തുന്നവര്‍ ഉംറ നിര്‍വഹിക്കുന്നതിന് ആറു മണിക്കൂര്‍ മുമ്പ് മക്കയിലെ ഇനായ (കെയര്‍) സെന്ററില്‍ എത്തണം. സൗദിയില്‍ അംഗീകാരമുള്ള വാക്‌സിനുകളുടെ ഇനം അനുസരിച്ച് തീര്‍ഥാടകര്‍ വാക്‌സിന്‍ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും. ഇതിനു ശേഷം തീര്‍ഥാടകര്‍ക്ക് പ്രത്യേക വളകള്‍ കൈമാറും. സെന്ററില്‍ കഴിയുന്ന സമയത്തെല്ലാം തീര്‍ഥാടകര്‍ വള ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിനു ശേഷം തീര്‍ഥാടകരെ അല്‍ശുബൈക ഒത്തുചേരല്‍ കേന്ദ്രത്തിലേക്ക് ആനയിക്കും. ഇവിടെ വെച്ച് പെര്‍മിറ്റ് വിവരങ്ങള്‍ പരിശോധിക്കുന്നതിന് തീര്‍ഥാടകര്‍ തങ്ങളുടെ വളകള്‍ കാണിച്ചുകൊടുക്കണം. ശേഷം ഓരോരുത്തര്‍ക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് തീര്‍ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.