ജിദ്ദ: ആറു വര്‍ഷം മുമ്പ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയ നാലു സൗദി പൗരന്മാരില്‍ നിന്ന് നഷ്ടപരിഹാരം തേടി വിദേശി നല്‍കിയ കേസ് ജിദ്ദ വാണിജ്യ അപ്പീല്‍ കോടതി തള്ളി. പരാതി തെളിയിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞാണ് കേസ് കോടതി തള്ളിയത്. മുപ്പതു ലക്ഷം റിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് നല്‍കിയത്.
വിദേശിയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഷോറൂമിലും ബിസിനസ് സ്ഥാപനത്തിനും തനിക്ക് പങ്കാളിത്തമുണ്ടെന്ന് വാദിച്ച് സൗദി പൗരന്‍ വിദേശിക്കെതിരെ കേസ് നല്‍കുകയായിരുന്നു. സൗദി പൗരന് അനുകൂലമായി മറ്റു മൂന്നു സ്വദേശികളും കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ പരാതി ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ല. തുടര്‍ന്ന് കേസ് കോടതി തള്ളി. ഇതോടെയാണ് വ്യാജ പരാതി ഉന്നയിച്ച് നിയമ നടപടികളില്‍ കുടുക്കിയതു മൂലമുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് മുപ്പതു ലക്ഷം റിയാല്‍ നഷ്ടപരിഹാരം തേടി വിദേശി കോടതിയെ സമീപിച്ചത്. തനിക്കെതിരെ വ്യാജ സാക്ഷി മൊഴികള്‍ നല്‍കിയ സൗദി പൗരന്മാരെ ശിക്ഷിക്കണമെന്നും വിദേശി ഹരജിയില്‍ ആവശ്യപ്പെട്ടു. ഇത് ജിദ്ദ വാണിജ്യ കോടതി തള്ളി. ഇതിനെതിരെ വിദേശി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കി. വിദേശിയുടെ അപ്പീല്‍ മേല്‍കോടതി തള്ളുകയും കീഴ്‌ക്കോടതി വിധി ശരിവെക്കുകയുമായിരുന്നു.