അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സിബിഐക്ക് അതൃപ്തി
2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തില്‍ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ അതൃപ്തി അറിയിച്ച് സിബിഐ. പരോള്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ജയില്‍ വകുപ്പിനോട് സിബിഐ ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗം ചോദിക്കാതെ തീരുമാനമെടുത്തു എന്നാണ് ആക്ഷേപം.
കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നേരത്തെ ജയില്‍ വകുപ്പ് 1500 പേര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് എം കോട്ടൂര്‍ എന്നിവര്‍ക്ക് 90 ദിവസത്തെ പരോള്‍ നല്‍കിയത്. 2020ലെ സുപ്രിംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് പരോളെന്ന് ജയില്‍ വകുപ്പ് വ്യക്തമാക്കിയെങ്കിലും സംഭവത്തില്‍ സിബിഐ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അഭയകേസില്‍ അഞ്ച് മാസം മുന്‍പാണ് ഇരുവരെയും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, സെഫിക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.