സോളാര്‍ കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ

പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്

Update: 2021-08-17 05:45 GMT

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി കൂടിയായ സ്ത്രീ നല്‍കിയ സ്ത്രീപീഡനപരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ഇപ്പോള്‍ ബിജെപി നേതാവായായ മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടി, എ പി അനില്‍കുമാര്‍ എന്നിങ്ങനെ ആറ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുള്ളത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.


സിബിഐ തിരുവനന്തപുരം യൂണിറ്റാണ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സിബിഐയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ കൈമാറിയിരുന്നു. നാല് വര്‍ഷത്തോളമാണ് കേരളാ പൊലീസ് സ്ത്രീപീഡനക്കേസ് അന്വേഷിച്ചത്. ഇതില്‍ ആര്‍ക്കെതിരെയും തെളിവ് കണ്ടെത്താന്‍ പൊലീസിനായില്ല. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐയ്ക്ക് വിട്ടത്. തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ്, കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.


2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പൊലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം. പരാതിക്കാരി അന്നേ ദിവസം ക്ലിഫ് ഹൗസില്‍ വന്നായി ആരും മൊഴി നല്‍കിയിട്ടില്ല.




Tags:    

Similar News