കൊവിന്‍ പോര്‍ട്ടല്‍ ഡിജിറ്റല്‍ ഡിവൈഡിന് കാരണമാവുന്നുവെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള കൊവിന്‍ പോര്‍ട്ടല്‍ ഡിജിറ്റല്‍ ഡിവൈഡിന് കാരണമാവുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ തള്ളി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം. വാക്‌സിന്‍ വിതരണ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്ത് അതിന്റെ ഗുണം ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവും സര്‍ക്കാര്‍ തള്ളി.
വാര്‍ത്തകള്‍ തെറ്റാണെന്നും കൊവിഡ് സൈറ്റിനെയോ സംവിധാനത്തെയോ തെറ്റായ രീതിയില്‍ മനസ്സിലാക്കിക്കൊണ്ടാണ് വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ സംവിധാനത്തിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാവാത്തതുകൊണ്ടാണ് പലര്‍ക്കും വാക്‌സിന്‍ സ്‌ലോട്ടുകള്‍ ലഭിക്കാത്തത്. അതിനെ പ്ലാറ്റ്‌ഫോമിന്റെ തന്നെ പ്രശ്‌നമാണെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന സൈറ്റാണ് കൊവിന്‍. ഇതിലെ സങ്കീര്‍ണതകള്‍ളും ഐടി അനുബന്ധ സൗകര്യങ്ങളുടെ ലഭ്യതക്കുറവും മൂലം നിരവധി പേരാണ് വാക്‌സിനേഷനില്‍ നിന്ന് പുറത്തായത്. ഗ്രാമപ്രദേശങ്ങളിലുള്ള പലരും വാക്‌സിന്‍ ലഭിക്കാതെ പുറത്തുപോയെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതാണിപ്പോള്‍ നിഷേധിച്ചുകൊണ്ട് മന്ത്രാലയം തന്നെ രംഗത്തുവന്നിരിക്കുന്നത്.