കേന്ദ്ര സര്‍ക്കാര്‍ വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്രയ്ക്ക് അനുമതി നിഷേധിച്ചു

Update: 2024-06-13 17:49 GMT

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി കിട്ടാത്തതിനാല്‍ ഇതുവരെ മന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയായിരുന്നു. ഇന്ന് രാത്രി 10.30നാണ് കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടര്‍ന്ന് മന്ത്രി വിമാനത്താവളത്തില്‍ നിന്നും മടങ്ങി.

യാത്രക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിര്‍ഭാഗ്യകരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നല്‍കിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്റെയും കണ്ണീരിന്റെയും മുന്നില്‍ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം, കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു.








Tags:    

Similar News