നിപ: 16 പേരുടെ ഫലം നെഗറ്റീവ്-മന്ത്രി വീണാ ജോര്‍ജ്; സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാംപിളുകളാണ് നെഗറ്റീവായത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു. ഇന്ന് മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി അഡ്മിഷനിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
ഇന്ന് പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് 12 പേരെയാണ്. ഇവരെല്ലാവരും സെക്കന്‍ഡറി കോണ്ടാക്റ്റ് ആണ്. ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. വ്യാഴാഴ്ചയോടെ എല്ലാ വീടുകളിലും സര്‍വേ പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണയ്ക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പോലിസ് മേധാവി എസ് ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രതിനിധികള്‍ പങ്കെടുത്തു.