യുക്രെയ്‌നില്‍ കുടുങ്ങിയ 60 ശതമാനം ഇന്ത്യക്കാരും അതിര്‍ത്തി കടന്നതായി കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍

Update: 2022-03-02 14:04 GMT

കൊച്ചി; റഷ്യന്‍ സൈന്യം അധിനിവേശം നടത്തിയ യുക്രെയ്‌നില്‍ കുടുങ്ങിയ 60 ശതമാനം ഇന്ത്യന്‍ പൗരന്മാരും അതിര്‍ത്തി കടന്നതായി കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു.

യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നര്‍കണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതി ബാര്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.

ബാക്കിയുള്ള 40 ശതമാനം പേരെ സുരക്ഷിതമായി അതിര്‍ത്തി കടത്താനുള്ള നടപടികള്‍ കൈകൊണ്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഘര്‍ഷം നടക്കുന്ന പ്രദേശത്തുനിന്ന് യുക്രെയ്‌ന്റെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലയിലേക്കോ അതിര്‍ത്തി രാജ്യങ്ങളിലേക്കോ യക്രെയ്ന്‍കാരും വിദേശികളും പലായനം ചെയ്തുകഴിഞ്ഞു. ഈ അസാധാരണമായ പലായനം അതിര്‍ത്തിയില്‍ വലിയ തിരക്കിന് കാരണമായി. അതുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ആദ്യ ഘട്ടത്തില്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നു. പ്രത്യേകിച്ച് പോളണ്ടിന്റെ അതിര്‍ത്തിയില്‍. ഫെബ്രുവരി 25 മുതല്‍ ലക്ഷങ്ങളാണ് ഇവിടെയെത്തിയത്- കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

യുദ്ധഭൂമിയിലെ അതിര്‍ത്തി പോലിസിന്റെ പെരുമാറ്റവും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഈ സാഹചര്യത്തിലാവണം കാണേണ്ടത്. നിരവധി പേരുടെ സാന്നിധ്യവും സംവിധാനങ്ങളുടെ തകര്‍ച്ചയും കടുത്ത കാലാവസ്ഥയും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചു- സര്‍ക്കാര്‍ വ്യക്തമാക്കി.

അഭിഭാഷക അസോസിയേഷന്റെ അംഗങ്ങളില്‍ രണ്ട് പേരുടെ മക്കള്‍ യുക്രെയ്‌നില്‍ കുടുങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അവര്‍ക്കുവേണ്ടി അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. ഇന്ത്യ യുക്രെയ്ന്‍ ഇതിര്‍ത്തിയില്‍ വിവേചനം നേരിടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി പ്രതിനിധികളുടെ അസാന്നിധ്യമാണ് അതിന് കാരണമെന്നുമാണ് ഹരജിയില്‍ പറയുന്നത്.

അതിര്‍ത്തിയിലെത്താനുള്ള മുഴുവന്‍ ഉത്തരവാദിത്തവും ചെലവും വിദ്യാര്‍ത്ഥികള്‍ തന്നെ വഹിക്കേണ്ടിവന്നു. അതിര്‍ത്തികാവലിലിരിക്കുന്നവര്‍ വിവേചനം കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും അവര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കുട്ടികള്‍ക്കുനേരെ മുളകുപൊടിവിതറി- ഹരജിയില്‍ പറയുന്നു.

യുക്രെയ്‌നിലെ ഇന്ത്യന്‍ അംബാസിഡര്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ഹരജി ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News