ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്

Update: 2024-07-03 11:22 GMT

ന്യൂഡല്‍ഹി: കേരളാ ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. കേന്ദ്ര നിയമമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ ചീഫ് ജസ്റ്റിസ് എ ജെ ദേശായി വിരമിക്കുന്ന ജൂണ്‍ അഞ്ചുമുതല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ചുമതല ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനായിരിക്കും. നിലവിലുള്ള ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ കേരളാ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. 2014 ജനുവരി 23നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരളാ ഹൈക്കോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായത്. 2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജിയായി.

    1967ല്‍ കണ്ണൂര്‍ ജില്ലയിലെ താണയില്‍ ജനിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉഡുപ്പിയിലെ വിബി ലോ കോളജില്‍നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍നിന്നാണ് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1989ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളില്‍ ഏഴ് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു. പാരീസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോര്‍ളര്‍ഷിപ്പോടെ ബഹിരാകാശം, ടെലി കമ്യൂണിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബിരുദാനന്തര ബിരുദം. ഹേഗ് അക്കാദമി ഓഫ് ഇന്റര്‍നാഷനല്‍ ലോയില്‍നിന്ന് പ്രൈവറ്റ് ഇന്റര്‍നാഷനല്‍ ലോയില്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര സെമിനാറുകളില്‍ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരേതനായ പ്രമുഖ അഭിഭാഷകന്‍ പി മുസ്തഫ-എ സൈനാബി ദമ്പതികളുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. ഭാര്യ: യു എന്‍ ആമിന. മക്കള്‍: അയിഷ സൈനബ് കെന്‍സ, ആസിയ നുസ, അലി മുസ്തഫ.

    ദേശീയ തലത്തില്‍പോലും ശ്രദ്ധയാകര്‍ഷിച്ച സുപ്രധാനമായ പല വിധികളും പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. കോടതിക്കു പുറത്ത് മുസ് ലിം സ്ത്രീകള്‍ക്ക് വിവാഹ മോചനം നേടാന്‍ അവകാശം നല്‍കുന്ന ഖുല്‍അ് വ്യവസ്ഥ ശരിവച്ച വിധി ഇദ്ദേഹത്തിന്റേതായിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, ലൈംഗിക ന്യൂനപക്ഷം, ഗോത്ര വിഭാഗം എന്നിവരുടെ അവകാശ സംരക്ഷണത്തിന് ഊന്നല്‍നല്‍കുന്ന വിധികളും ചിലതാണ്.

Tags:    

Similar News