ഡോ. ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ പരാതി; ഡിജിപിക്കും മലപ്പുറം എസ്പിക്കും ഹൈക്കോടതി നോട്ടിസ്
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ആരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ സംസ്ഥാന പോലിസ് മേധാവിക്കും മലപ്പുറം എസ്പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഈ മാസം 15ന് വീണ്ടും പരിഗണിക്കാനായി മാറ്റി. മകളെ കാണാനില്ലെന്നും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് അശോകന്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്. ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറം ഒതുക്കുങ്ങലിലുള്ള ഹോമിയോ ക്ലിനിക്ക് പൂട്ടിയ നിലയിലാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ, ഡോ. ഹാദിയ തന്നെ സ്വകാര്യ ചാനലിന് അഭിമുഖം നല്‍കുകയും തന്നെ ആരും തടങ്കലില്‍ വച്ചിട്ടില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹബന്ധം മുന്നോട്ടുപോവില്ലെന്നു മനസ്സിലാക്കി ഇരുവരും വിവാഹമോചനം തേടിയിരുന്നു. തുടര്‍ന്ന് പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തപുരത്താണ് കഴിയുകയാണ്. ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളെയും രഹസ്യാന്വേഷണ വിഭാഗത്തിലെ പോലിസുകാരെയും അറിയിച്ചിരുന്നു. എന്നിട്ടും പിതാവ് ഇത്തരത്തില്‍ പ്രചരിപ്പിക്കുകയാണ്.
പിതാവിനെ ഇപ്പോഴും സംഘപരിവാര്‍ ആയുധമാക്കുകയാണെന്നും ഡോ. ഹാദിയ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോഴും മുസ് ലിം ആണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു. ഇസ് ലാം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പിതാവിന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാവുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. പിതാവിനെ ഇപ്പോഴും സംഘപരിവാര്‍ ആയുധമാക്കുകയാണ്. പിതാവ് അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. മാതാപിതാക്കളുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പിതാവ് കേസ് കൊടുക്കുകയാണെന്നും ഹാദിയ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ്, ഹൈക്കോടതി ഹേബിയസ് കോര്‍പസ് ഹരജി ഫയലില്‍ സ്വീകരിച്ച് ഡിജിപിക്കും മലപ്പുറം എസ്പിക്കും നോട്ടിസ് അയച്ചിരിക്കുന്നത്.